അവസാന നിമിഷം ആളികത്തി ജവഹർ മാവൂർ ബ്ലാക്കിനെ പരാജയപ്പെടുത്തി

അവസാന മിനുട്ടിൽ ആളികത്തി ജവഹർ മാവൂരിന്റെ പട കരുത്തരായ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി. കളി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കി നിൽക്കുന്നതു വരെ ഗോൾ രഹിത സമനിലയിൽ നീങ്ങിയിരുന്ന മത്സരമാണ് ജവഹർ മാവൂർ അവസാന മിനുട്ടുകളിൽ രണ്ടു ഗോളടിച്ച് കൈക്കലാക്കിയത്. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്ലാക്കിനായിരുന്നു ജയം. ബ്ലാക്കിനടുത്തിടെയായി തുടരുന്ന സ്ഥിരതയില്ലായ്മ ആരാധകരെ അലട്ടുന്നുണ്ട്.

ഇന്ന് കല്പകഞ്ചേരിയിൽ നേടിയ ജയം ആലത്തൂരിൽ ജിംഖാനയ്ക്ക് ആവർത്തിക്കാൻ ജിംഖാനയ്ക്കു കഴിഞ്ഞില്ല. സെമി ഫൈനലിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ നേരിട്ട ജിംഖാന എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയമാണ് അവിടെ ഏറ്റു വാങ്ങിയത്. ജിംഖാനയുടെ സീസണിലെ ഏറ്റവും വലിയ പരാജയമാണിത്. സീസണിൽ ജിംഖാന ഇതാദ്യമായാണ് ഇരു കളിയിൽ നാലു ഗോളുകൾ വഴങ്ങുന്നതും. ജയത്തോടെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി സീസണിലെ അവരുടെ പതിമൂന്നാം ഫൈനലിൽ എത്തി.

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ശക്തരായ എഫ് സി തൃക്കരിപ്പൂരിനെ തകർത്തു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ ജയം. എടവണ്ണപ്പാറ അഖിലേന്ത്യാ സെവൻസിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ കെ ആർ എസ് കോഴിക്കോട് അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ.

ചാലിശ്ശേരിയിൽ ജിയോണി മൊബൈൽ ഉഷാ എഫ് സി എതിരില്ലാത്ത ഒരു ഗോളിന് ഫിറ്റ് വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തി. എടപ്പാളിൽ വെച്ച് ഏറ്റുമുട്ടിയപ്പോഴും ഫിറ്റ് വെൽ കോഴിക്കോടിനെ ഉഷ തോൽപ്പിച്ചിരുന്നു.