ഫിഫാ മഞ്ചേരിയെ തച്ചു തകർത്തു കൊണ്ട് ജവഹർ മാവൂർ പക വീട്ടി

കൊടുവള്ളി അഖിലേന്ത്യാ സെവൻസിൽ ഏറ്റ പരാജയത്തിന് കണക്കു പറയുകയായിരുന്നു ജവഹർ മാവൂരിന്റെ ചാലിശ്ശേരിയിലെ ലക്ഷ്യം. അത് ജവഹവർ മാവൂർ തീർത്തപ്പോൾ കൊടുത്തത് അല്പം അധികമായോ എന്ന തോന്നലായി. സ്കോർ ലൈൻ അതാണ് സൂചിപ്പിക്കുന്നത്. ഫിഫാ മഞ്ചേരിയെ ജവഹർ മാവൂർ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളുകൾക്ക്. ഫിഫയുടെ സീസണിൽ ഏറ്റവും വലിയ പരാജയം. ജവഹർ മാവൂരിനു വേണ്ടി സീസി ഇരട്ട ഗോളുകൾ നേടിയപ്പോൾ മിർജാസും ആസിഫും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ ദിവസം ജവഹർ മാവൂർ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനേയും പരാജയപ്പെടുത്തിയിരുന്നു. ചാലിശ്ശേരിയിൽ ഇന്ന് നാലു ചുവപ്പു കാർഡുകളാണ് പിറന്നത്.

ചാലിശ്ശേരിയിൽ മാത്രമല്ല കുരിശാംകുളത്തും ഫിഫാ മഞ്ചേരിക്ക് അടിതെറ്റി. സ്കൈ ബ്ലൂ എടപ്പാളാണ് കുരിശാംകുളത്ത് ഫിഫയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ ജയം. ഫിഫയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്. കഴിഞ്ഞ ദിവസം സ്കൈ ബ്ലൂ എടപ്പാളിനോട് പൊന്നാനിയിലും ഫിഫാ മഞ്ചേരി പരാജയപ്പെട്ടിരുന്നു.

ഗുരുവായൂർ അഖിലേന്ത്യാ സെവൻസിൽ ഉദ്ഘാടന മത്സരത്തിൽ ഹണ്ടേഴ്സ് കൂത്തുപറമ്പ് എഫ് സി മുംബൈയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ഹണ്ടേഴ്സ് കൂത്തുപറമ്പിന്റെ ജയം. കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് അഭിലാഷ് എഫ് സി കുപ്പൂത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.