തളിപ്പറമ്പിൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മദീന ടോപ്പ് മോസ്റ്റിനു മുന്നിൽ മുട്ടു കുത്തി

ജേക്കബ് നേടിയ ഒരൊറ്റ ഗോൾ മതിയായിരുന്നു ടോപ്പ് മോസ്റ്റിനെ സ്വർഗ്ഗത്തിലെത്തിക്കാൻ. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എന്ന വമ്പന്മാരെ തളച്ച് തളിപ്പറമ്പിലെ രണ്ടാം വിജയമാണ് ടോപ്പ് മോസ്റ്റ് തലശ്ശേരി സ്വന്തമാക്കിയത്. ആൽബർട്ട്, ഡി മറിയ, അൻഷിദ് ഖാൻ തുടങ്ങി പ്രമുഖരില്ലാതെ തളിപ്പറമ്പിലേക്ക് വണ്ടി കയറിയ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തുടക്കം മുതൽ ഒടുക്കം വരെ താളം കണ്ടെത്തിയില്ല. വിദേശ താരങ്ങളായ മാക്സും സ്റ്റീവും അമ്പേ പരാജയപ്പെട്ടപ്പോൾ ആശ്വാസമായത് ഇടയ്ക്ക് ഒറ്റയാൾ മുന്നേറ്റങ്ങൾ നടത്തിയ ടുട്ടു മാത്രമായിരുന്നു.

ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതി കഴിഞ്ഞ് ഇറങ്ങിയ ടോപ്പ് മോസ്റ്റ് തലശ്ശേരി പതിയെ ആക്രമണത്തിലേക്ക് ചുവട് മാറ്റി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കണ്ണൂരിന്റെ മെസ്സി എന്ന വിളിപ്പേരുള്ള യൂണിവേഴ്സിറ്റി താരം അനുരാജ് അൽ മദീന ഡിഫൻസുകൾക്കിടയിലൂടെ നൃത്തം വെച്ച് മുന്നേറിയപ്പോൾ സഫീറും ഹൈദറും സനൂപും വിയർത്തു. തനിക്ക് പലപ്പോഴും കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്നിട്ടു കൂടെ അനുരാജ് ടോപ്പ് മോസ്റ്റിനെ ഒറ്റയ്ക്ക് തോളിലേറ്റി ആക്രമണം അഴിച്ചുവിട്ടു. കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കി നിൽക്കേ അനുരാജിന്റെ ഒരു മുന്നേറ്റത്തിന് കൂട്ടായി നിന്ന വിദേശ താരം ജേക്കബിന്റെ കേർവി ഷോട്ട് ഗോൾ കീപ്പർ അജ്മലിനേയും കടത്തി വലയിലേക്ക്.

രണ്ടാം നിര ടീമുമായി എത്തിയ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ ചെർപ്പുളശ്ശേരിയിലേക്ക് തിരിച്ചയച്ച് അടുത്ത റൗണ്ടിലേക്ക് ടോപ്പ് മോസ്റ്റ് തലശ്ശേരി കയറി.

Previous articleസന്തോഷ് ട്രോഫി:  ബംഗാളിന് 32ആം കിരീടം 
Next articleലക്കില്ലാതെ ലക്കി സോക്കർ ആലുവ, കൊയപ്പയിൽ ആദ്യ വിജയം എഫ് സി പെരിന്തൽമണ്ണയ്ക്ക്