ഐ എം വിജയന്റെ ഉഷയെ തോൽപ്പിച്ച് ശാസ്താ മെഡിക്കൽസ് സെമി ഫൈനലിൽ

സാക്ഷാൽ ഇതിഹാസ താരം ഐ എം വിജയൻ നേരിട്ടിറങ്ങിയിട്ടും ജിയോണി മൊബൈൽ ഉഷാ എഫ് സി പരാജയപ്പെട്ടു. എടപ്പാളിന്റെ മണ്ണിൽ തൃശ്ശൂർ ശക്തികളായ ജിയോണി മൊബൈൽ ഉഷാ എഫ് സിയും ശാസ്താ മെഡിക്കൽസും നേർക്കുനേർ വന്ന ക്വാർട്ടർ പോരാട്ടത്തിൽ വിജയം ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനോടൊപ്പം നിന്നു. ആദ്യ പകുതിയിൽ പിറന്ന ഒരൊറ്റ ഗോളിനായിരുന്നു ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ വിജയം. ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ സീസണിലെ രണ്ടാം സെമി ഫൈനൽ പ്രവേശനമാണിത്.
അൽ ശബാബ് ത്രിപ്പനച്ചിക്ക് വീണ്ടും ടൗൺ ടീം അരീക്കോടിനെ കണ്ടപ്പോൾ മുട്ടിടിച്ചു. അവസാന വാരം മഞ്ചേരിയിൽ ഏറ്റ പരാജയത്തിനു പകരം വീട്ടാൻ മാവൂരിൽ ഇറങ്ങിയ അൽ ശബാബ് ത്രിപ്പനച്ചി  പക്ഷെ 4-2ന്റെ തോൽവിയുമായാണ് മടങ്ങിയത്. മഞ്ചേരിയിൽ 5-2 എന്ന സ്കോറിനായിരുന്നു ടൗൺ ടീം അരീക്കോട് വിജയിച്ചത്. ഇർഷാദ് രണ്ടു ഗോളുകൾ നേടി ടൗൺ ടീം അരീക്കോടിന്റെ താരമായി. ജയത്തോടെ ടൗൺ ടീം അരീക്കോട് മാവൂരിൽ സെമി ഉറപ്പിച്ചു.

എടത്തനാട്ടുകരയിൽ മുസാഫിർ എഫ് സി അൽ മദീന വിജയ വഴിയിലേക്ക് തിരിച്ചു വന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തിയാണ് മദീന വിജയ വഴിയിലേക്കു വന്നത്. കഴിഞ്ഞ ദിവസം കോട്ടക്കലിൽ അൽ മദീന ചെർപ്പുളശ്ശേരി ബേസ് പെരുമ്പാവൂരിനോട് പരാജയപ്പെട്ടിരുന്നു.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും ഏറ്റുമുട്ടിയ മത്സരം പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു. ഒരുപാട് അവസരങ്ങളുണ്ടായിട്ടും ഗോൾ മുഖം തുറക്കാൻ കഴിയാതെ കളി നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായി തുടരുകയായിരുന്നു. പെനാൾട്ടിയിൽ മെഡിഗാഡ് അരീക്കോട് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റിനെ പരാജയപ്പെടുത്തി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleധോണിയ്ക്ക് ആദ്യ ടി20 അര്‍ദ്ധ ശതകം, ചഹാലിനു ആറു വിക്കറ്റ്, പരമ്പര ഇന്ത്യയ്ക്ക്
Next articleവില്ലിസ് പ്ലാസയുടെ ഇരട്ടഗോളിൽ ഈസ്റ്റ് ബംഗാളിന് ജയം