തുടർച്ചയായ മൂന്നാം ജയം തേടി ഹയർ സബാൻ കോട്ടക്കൽ ഇന്നിറങ്ങുന്നു

സീസൺ തുടക്കത്തിൽ കാലിടറിയെങ്കിലും ഹയർ സബാൻ കോട്ടക്കൽ മികച്ച ഫോമിലേക്കു തിരിച്ചു വരികയാണ്. അവസാന രണ്ടു അഖിലേന്ത്യാ മത്സരങ്ങളിൽ എ വൈ സി ഉച്ചാരക്കടവിനേയും സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനേയും വീഴ്ത്തി വരുന്ന ഹയർ സബാൻ കോട്ടക്കലിന് പക്ഷെ ഇന്ന് എതിരാളികൾ ചില്ലറക്കാരല്ല. സീസണിൽ മിന്നുന്ന ഫോമിൽ തുടരുന്ന മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവാണ്. അവസാന മത്സരത്തിൽ അൽ മദീനയോടു പരാജയപ്പെട്ടെങ്കിലും സീസണിൽ ഇതുവരെ കാണിച്ച ഫോം നോക്കുമ്പോൾ കെ എഫ് സി കാളിക്കാവിനെ ചെറുതായി കാണാൻ കഴിയില്ല. മികച്ച ഫോമിലുള്ള കെൽവിനിലാകും സബാൻ കോട്ടക്കലിന്റെ പ്രതീക്ഷ.

നീലേശ്വരത്ത് ഇന്നു നേർക്കുനേർ വരുന്നത് ടൗൺ ടീം അരീക്കോടും എഫ് സി തൃക്കരിപ്പൂരുമാണ്. സീസണിൽ പകരം വെക്കാനില്ലാത്ത ഫോമിലാണ് ബാബു കാപിച്ചാലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന എഫ് സി തൃക്കരിപ്പൂർ. മത്സരിച്ച എട്ടു കളികളിൽ ഏഴിലും വിജയം. നീലേശ്വരത്ത് അവസാന കളിയിൽ ശക്തരായ ശാസ്താ മെഡിക്കൽസിനെ മറികടന്നതാകും ടൗൺ ടീം അരീക്കോടിന്റെ പ്രതീക്ഷ.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് സീസണിലെ മൂന്നാം മെഡിക്കൽ ഡെർബിയാണ്. ആതിഥേയരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തൃശൂർ ശക്തികളായ ശാസ്താ മെഡിക്കൽസും ഇതിനു മുന്നേ രണ്ടു തവണ ഏറ്റു മുട്ടിയപ്പോൾ ഓരോ ടീമും ഓരോ വിജയങ്ങൾ പങ്കിട്ടു. ഇന്ന് മത്സരം മണ്ണാർക്കാടാണ് എന്നതു കൊണ്ടു തന്നെ മുൻതൂക്കം ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനാകും.

എടക്കര അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഇന്ന് ടോപ്പ് മോസ്റ്റ് തലശ്ശേരിക്കെതിരെ ഇറങ്ങും. അവസാന മത്സരത്തിൽ ലിൻഷാ മെഡിക്കൽസിനെ തൂത്തെറിഞ്ഞതിന്റെ ആവേശത്തിലാകും ഫിഫാ മഞ്ചേരി. ടോപ്പ് മോസ്റ്റ് സീസണിൽ പ്രകടനത്തിന്റെ കാര്യത്തിൽ ഇനിയും സ്ഥിരത കൈവരിച്ചിട്ടില്ല. പട്ടാമ്പിയിൽ ഇന്ന് ലക്കി സോക്കർ ആലുവയും മെഡിഗാഡ് അരീക്കോടും തമ്മിലാണ് മത്സരം. സീസണിൽ ഒരു വിജയം മാത്രമേ ഉള്ളൂവെങ്കിലും മികച്ച പ്രകടനമാണ് ലക്കി സോക്കർ ആലുവ ഓരോ മത്സരത്തിലും കാഴ്ച വെക്കുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal