വിജയങ്ങൾ അമ്പത്, ഇത് മുസാഫിർ എഫ് സി അൽ മദീനയുടെ സീസൺ

- Advertisement -

സെവൻസ് ഫുട്ബോളിലെ ഈ സീസൺ ഇതുവരെ നോക്കിയാൽ അത് അൽ മദീന ചെർപ്പുളശ്ശേരിയുടേതാണെന്നു പറയേണ്ടി വരും. സീസൺ മുക്കാൽ ഭാഗവും കഴിഞ്ഞ ഈ അവസരത്തിൽ അഞ്ചു കിരീടങ്ങളും റാങ്കിംഗിൽ ഒന്നാമതും നിൽക്കുന്ന അൽ മദീന ചെർപ്പുളശ്ശേരി സീസണിൽ പുതിയ ഒരു നേട്ടം കൂടി കടന്നിരിക്കുകയാണ്. ഈ‌ സീസണിലെ അമ്പതാം ജയം.

കുപ്പൂത്തിൽ ജയ എഫ് സിക്കെതിരെ ക്വാർട്ടറിൽ നേടിയ 2-1ന്റെ‌ വിജയമായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ സീസണിലെ അമ്പതാം വിജയം. വെറും അറുപത്തി എട്ടു മത്സരങ്ങളിൽ നിന്നാണ് അമ്പതു വിജയങ്ങൾ എന്നതു തന്നെ അൽ മദീന ചെർപ്പുളശ്ശേരിയുടെ ഫോം തെളിയിക്കുന്നതാണ്. 38 വിജയങ്ങൾ ഉള്ള ഫിഫാ മഞ്ചേരിയാണ് മദീനയുടെ പിറകിൽ ഉള്ളത്.

സീസണിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമും അൽ മദീന ചെർപ്പുളശ്ശേരിയാണ്. 128 ഗോളുകളാണ് അൽ മദീന സീസണിൽ ഇതുവരെ അടിച്ചുകൂട്ടിയത്. റാങ്കിംഗിൽ ഒന്നാമതുള്ള അൽ മദീനക്ക് 155 പോയന്റാണുള്ളത്, രണ്ടാം സ്ഥാനത്തുള്ള ടീമിനെക്കാൾ 36 പോയന്റു മുന്നിലാണ് ചെർപ്പുളശ്ശേരിക്കാരുടെ ഈ‌ നീലപ്പട. സീസണിലെ ടോപ്പ് സ്കോററും മദീനയുടെ താരം തന്നെയാണ്. ആൽബർട്ട്. മദീനയുടെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച മറ്റൊരു താരം അൻഷിദ് ഖാനാണ്. സീസണിൽ ഇതുവരെ അഞ്ചു ടൂർണമെന്റുകളിലെ മികച്ച ഗോൾകീപ്പർ പുരസ്കാരം നേടിയ അൻഷിദ് ഖാൻ സെവൻസ് ഫുട്ബോൾ ലോകത്ത് ഏറ്റവും മികച്ച ഗോൾകീപ്പർ ആയി ഉയരുകയാണ്.

Advertisement