
മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയോട് കുറച്ചു കണക്കുകൾ ഹയർ സബാൻ കോട്ടക്കൽ കൊണ്ടു വെക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അത് ഇന്നലെ ഹയർ സബാൻ കോട്ടക്കൽ കെൽവിൻ എന്ന വിദേശ താരത്തിന്റെ മികവിൽ പൊന്നാനിയുടെ മണ്ണിൽ തീർത്തു. രണ്ടിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയം. ഇരട്ട ഗോളുകളുമായി കെൽവിൻ തന്നെയാണ് പൊന്നാനിയിലെ താരമായത്. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ തുടർച്ചയായ രണ്ടാം പരാജയമാണിത്. നാളെ പൊന്നാനിയിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും എഫ് സി തിരുവനന്തപുരവും തമ്മിലാണ് പോര്.
കൊളത്തൂരിൽ ഫിഫാ മഞ്ചേരിയുടെ തിരിച്ചുവരവാണ് കണ്ടത്ം ഫ്രണ്ട്സ് മമ്പാടിനെതിരെ ഒരു ഘട്ടത്തിൽ 2-1 എന്ന നിലയിൽ പിറകിൽ പോയ ഫിഫ മഞ്ചേരി 3-2 എന്ന സ്കോറിന് തിരിച്ചുവന്ന കളി വിജയിക്കുകയായിരുന്നു. ഇന്ന് കൊളത്തൂരിൽ ജവഹർ മാവൂർ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.
പാലക്കാട് അഖിലേന്ത്യാ സെവൻസിൽ എഫ് സി തൃക്കരിപ്പൂരിനെ ജിയോണി മൊബൈൽ ഉഷാ എഫ് സി പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ. ഇന്ന് പാലക്കാടിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഏറ്റുമുട്ടും.
ചെമ്മാണിയോട് ഇന്നലെ നടന്ന മത്സരത്തിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് വെള്ളം കുടിപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഹണ്ടേഴ്സ് ഇന്നു പരാജയപ്പെട്ടത്. ഇന്ന് ചെമ്മാണിയോട് സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുൻ ടൗൺ ടീം അരീക്കോടും ഏറ്റുമുട്ടും.
പറപ്പൂരിൽ ഇന്നത്തെ ആവേശ പോരാട്ടത്തിൽ ലക്കി സോക്കർ ആലുവയെ സ്കൈ ബ്ലൂ എടപ്പാൾ പെനാൾട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തി. ആക്രമണം ഫുട്ബോളിനാൽ പുളകം കൊണ്ട പറപ്പൂരിൽ ആറു ഗോളുകളാണ് പിറന്നത്. നിശ്ചിത സമയത്ത് അവസാനിക്കുമ്പോൾ 3-3 എന്നായിരുന്നു സ്കോർ. പെനാൾട്ടിയിൽ 7-6 എന്ന സ്കോറിന് സ്കൈ ബ്ലൂ എടപ്പാൾ വിജയിക്കുകയായിരുന്നു. ഇന്ന് പറപ്പൂരിൽ സ്കൈ ബ്ലൂ എടപ്പാൾ ടൗൺ ടീം അരീക്കോടിനെ നേരിടും.
ഒളവണ്ണയിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഫിറ്റ് വെൽ കോഴിക്കോടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് ഒളവണ്ണയിൽ കെ ആർ എസ് കോഴിക്കോട് എഫ് സി പെരിന്തൽമണ്ണയെ നേരിടും.