ആദ്യ കിരീടം കൈക്കലാക്കി ഹയർ സബാൻ കോട്ടക്കൽ

വണ്ടൂർ അഖിലേന്ത്യാ സെവൻസിലെ കലാശ പോരാട്ടത്തിൽ ചരിത്രമെഴുതി ഹയർ സബാൻ കോട്ടക്കൽ. തങ്ങളുടെ ആദ്യ കിരീടം കെ ആർ എസ് കോഴിക്കോടിനെ തകർത്തു കൊണ്ട് ഹയർ സബാൻ കോട്ടക്കൽ നേടി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഹയർ സബാൻ കോട്ടക്കലിന്റെ വിജയം.

ആര് വണ്ടൂരിൽ കപ്പെടുക്കും എന്നു അറിയാൻ നടന്ന പോരാട്ടത്തിൽ തുടക്കം മുതൽ ഹയർ സബാൻ കോട്ടക്കലിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. അതിന്റെ ഫലം 17ാം മിനുട്ടിൽ ഒരു ഗോളിലൂടെ മുന്നിലെത്തിക്കൊണ്ട് സബാൻ കോട്ടക്കൽ നേടി. സമനില ഗോൾ നേടാൻ വിരലിലെണ്ണാവുന്ന അവസരങ്ങൾ വരെ സൃഷ്ടിക്കാൻ കെ ആർ എസ് കോഴിക്കോടിനായില്ല. രണ്ടാം പാദത്തിൽ തുടരെ തുടരെ രണ്ടു ഗോൾ നേടിക്കൊണ്ട് 3-0 എന്ന സ്കോറിന് കിരീടം സബാൻ കോട്ടക്കൽ ഉറപ്പിച്ചു.

ഹയർ സബാൻ കോട്ടക്കലിന്റെ ആദ്യ ഫൈനൽ തന്നെ കപ്പിലേക്ക് എത്തിച്ച സന്തോഷത്തിലാണ് ഹയർ സബാൻ കോട്ടക്കൽ ടീം. സീസണിൽ പെനാൾട്ടി നിർഭാഗ്യവും മോശം റഫറിങ്ങും തങ്ങളുടെ കുറുകെ വന്നിട്ടും ഹയർ സബാൻ കോട്ടക്കൽ പൊരുതി കയറി മുന്നിലെത്തിയിരിക്കുന്നു. പല പ്രമുഖ ക്ലബുകളേയും മുട്ടുകുത്തിച്ചാണ് വണ്ടൂരിൽ ഹയർ സബാൻ കപ്പു നേടിയത്.

വണ്ടൂരിൽ കെൽവിന്റെ ഇരട്ട ഗോളുകളുടെ മികവിൽ എ വൈ സി ഉച്ചാരക്കടവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിലേക്കുള്ള ആദ്യ ചുവട് സബാൻ വെച്ചത്. അടുത്ത മത്സരത്തിൽ ശക്തരായ കെ എഫ് സി കാളിക്കാവിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. മെഡിഗാഡിനെ ക്വാർട്ടറിൽ കണ്ട സബാൻ പെനാൾട്ടിയിലാണ് ജയിച്ചത്. സെമിയിലായിരുന്നു സബാന്റെ സീസണിലെ ഏറ്റവും ശക്തമായ പ്രകടനം വന്നത്. ഇരു പാദങ്ങളിലായി മുസാഫിർ എഫ് സി അൽ മദീനയെയാണ് ഹയർ സബാൻ കോട്ടക്കൽ മറികടന്നത്.

വണ്ടൂർ അഖിലേന്ത്യാ സെവൻസിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി സബാൻ കോട്ടക്കലിന്റെ പ്രവീണിനെ തിരഞ്ഞെടുത്തു. സെവൻസ് ഫുട്ബോൾ വാട്സാപ്പ് ഗ്രൂപ്പ് നൽകുന്ന ഗോൾഡ് കോയനാണ് പ്രവീണിനു സമ്മാനമായി ലഭിച്ചത്. ടൂർണമെന്റിലെ മികച്ച വിദേശ താരമായി ഹയർ സബാൻ കോട്ടക്കലിന്റെ ഫോർവേഡ് കെൽവിനെ തിരഞ്ഞെടുത്തു. ഹയർ സബാന്റെ തന്നെ റഹീം ആണ് മികച്ച ഡിഫൻഡർ.കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal