കൊയപ്പയിൽ മൂന്നു ഗോളിനു പിറകിൽ നിന്ന ശേഷം ഹയർ സബാൻ സ്പെഷ്യൽ കം ബാക്ക്!!

കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന മെഡിഗാഡ് ബ്ലാക്ക് മത്സരത്തിന്റെ തനിയാവർത്തനമായിരുന്നു ഇന്നും നടന്നത്. ഹയർ സബാൻ കോട്ടക്കലും ഫിറ്റ് വെൽ കോഴിക്കോടും ഏറ്റുമുട്ടിയ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഫിറ്റ് വെൽ കോഴിക്കോട് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുന്നിൽ. കഴിഞ്ഞ ദിവസം അൽ മദീന ചെർപ്പുള്ളശ്ശേരിയെ തകർത്ത ഹയർ സബാനെ എവിടെയും കാണാനെ ഇല്ലല്ലോ എന്ന് സെവൻസ് പ്രേമികൾ നിനച്ച സമയം. രണ്ടാം പകുതിയിൽ ആ ഹയർ സബാൻ വന്നു. ഇന്നലത്തെ ഇരട്ടഗോൾ താരം കെൽവിൻ ഇന്നു ഇരട്ട ഗോൾ നേടിക്കൊണ്ട് സബാനെ കളിയിലേക്ക് തിരികെ കൊണ്ട് വന്നു. കളി അവസാനിക്കൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ജെറീഷിന്റെ ഒരു ലോംഗ് റേഞ്ചർ. ഹയർ സബാൻ കോട്ടക്കലിന് അർഹിച്ച സമനില. കളി നിശ്ചിത സമയം കഴിഞ്ഞ് എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൾട്ടിയും കഴിഞ്ഞിട്ടും ഇരുടീമുകളും തുല്യർ. അവസാനം വിജയം ടോസിന്റെ ഭാഗ്യത്തിനു വിട്ടു. തിരിച്ചുവരവിലെ സബാന്റെ പരിശ്രമത്തെ ഭാഗ്യം അംഗീകരിച്ചു. സബാൻ അർഹിച്ച ജയത്തോടെ മുന്നോട്ട്. നാളെ കൊയപ്പയിൽ അൽ ശബാബ് തൃപ്പനച്ചി കെ ആർ എസ് കോഴിക്കോടിനെ നേരിടും.

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോടിനെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തച്ചുതകർത്തു. തുടക്കത്തിലെ ഗോൾ കീപ്പറെ പരിക്കേറ്റു നഷ്ടപ്പെട്ട ടൗൺ ടീം അരീക്കോട് വലയിലേക്ക് അഞ്ചു ഗോളുകളാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഇന്ന് അടിച്ചു കയറ്റിയത്. ആൽബർട്ട് സീസണിലെ തന്റെ മറ്റൊരു ഹാട്രിക്ക് കൂടെ ഇന്ന് നേടിം ഷിബുവും ഹൈദറുമാണ് ബാക്കിയുള്ള ഗോളുകൾ നേടിയത്. ഹൈദറാണ് കളിയിലേ മാൻ ഓഫ് ദ മാച്ച്. ചെമ്മാണിയോട് നാളെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ഹയർ സബാൻ കോട്ടക്കലും തമ്മിലാണ് മത്സരം.

 

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ കല്പകഞ്ചേരിയിൽ കണ്ട ഫൈനലിന്റെ ആവർത്തനമായിരുന്നു ഇന്ന്. ഇന്നലെ മൂന്നു ഗോളുകൾക്കാണ് അൽ മിൻഹാൽ വളാഞ്ചേരി ജവഹറിനോട് പരാജയപ്പെട്ടത് എങ്കിൽ ഇന്ന് ജവഹറത് ഒരു ഗോൾ കൂടെ കൂട്ടി നാലു ഗോളാക്കി കൊടുത്തു. തുടർച്ചയായ രണ്ടാം ദിവസവും വൻ പരാജയവുമേറ്റു വാങ്ങിക്കൊണ്ട് അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിക്ക് മടങ്ങേണ്ടി വന്നു. നാളെ കൊളത്തൂരിൽ എഫ് സി പെരിന്തൽമണ്ണ അഭിലാഷ് എഫ് സി കുപ്പൂത്തിനെ നേരിടും.

കല്പകഞ്ചേരി ഈ സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാക്കിന്റെ വിജയം. ബ്ലാക്കിനു വേണ്ടി കിംഗ്സ് ലീ, അഡബയോർ, ആഷിഖ് ഉസ്മാൻ എന്നിവർ വല കുലുക്കി. നാളെ കല്പകഞ്ചേരിയിൽ ജവഹർ മാവൂരും സ്കൈ ബ്ലൂ എടപ്പാളും തമ്മിലാണ് മത്സരം.

ഒളവണ്ണയിൽ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണ പെനാൾട്ടി ഷൂട്ടൗട്ടിൽ കെ ആർ എസ് കോഴിക്കോടിനെ പരാജയപ്പെടുത്തി. പാലക്കാട് നടന്ന ശാസ്താ മെഡിക്കൽസ് ലിൻഷാ മെഡിക്കൽസ് പോരാട്ടം ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

Previous articleപൊന്നാനിയിൽ സൂപ്പർ സ്റ്റുഡിയോ നാണംകെട്ട് പുറത്ത്, എഫ് സി തിരുവനന്തപുരത്തിന് അട്ടിമറിജയം
Next articleക്ലബ് ഫുട്ബോൾ; വിജയത്തോടെ കേരള പോലീസ് തുടങ്ങി