അഞ്ചു ഗോളുകൾ, മൂന്നു ചുവപ്പു കാർഡുകൾ, അവസാനം ഫിഫയ്ക്കു ജയം

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് പിറന്നത് അഞ്ചു ഗോളുകളും മൂന്നു ചുവപ്പു കാർഡുകളും. ഒരു സെവൻസിനെ ആവേശത്തിലെത്തിക്കാൻ പോകുന്ന എല്ലാം ഉള്ള മത്സരമായിരുന്നു കെ ആർ എസ് കോഴിക്കോടും കരുത്തരായ ഫിഫാ മഞ്ചേരിയും തമ്മിൽ ഇന്ന് നടന്നത്. പക്ഷെ വിജയം ഫിഫാ മഞ്ചേരിയുടെ കൂടെ നിന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി കെ ആർ എസ് കോഴിക്കോടിനെ പരാജയപ്പെടുത്തിയത്. കുട്ടൻ നേടിയ ഇരട്ട ഗോളുകളാണ് ഫിഫയെ രക്ഷിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിലായിരുന്നു ഫിഫ. ഫിഫയുടെ ഫ്രാൻസിസും ഉസ്മാനും മത്സരത്തിൽ ചുവപ്പു കാർഡ് കണ്ട് പുറത്തും പോയി.

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് ഗംഭീര വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ മദീന ചെർപ്പുള്ളശ്ശേരി ഇന്ന് എഫ് സി പെരിന്തൽമണ്ണയെ പരാജയപ്പെടുത്തിയത്. ആൽബർട്ടിന്റെ ഹാട്രിക്കാണ് മദീനയുടെ വൻ വിജയത്തിൻ ഊർജ്ജമായത്. ഡിമറിയയും ഇന്ന് മദീനയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു.

കുരിഷാംകുളം അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ മറികടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം.ആദ്യ ഇരു ടീമുകളും ഇവിടെ ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സ്കോറിന് സമനില പാലിച്ചിരുന്നു. ആ സമനിലയാണ് ലിൻഷാ മെഡിക്കൽസ് ഇന്ന് വിജയമാക്കി മാറ്റിയത്.

കൊടുവള്ളി അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന ടൗൺ ടീം അരീക്കോട് എഫ് സി തൃക്കരിപ്പൂർ മത്സരം സമനിലയിൽ അവസാനിച്ചു. 2-2 എന്നായിരുന്നു സ്കോർ. മത്സരം നാളെ വീണ്ടും നടക്കും. പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് എതിരില്ലാത്ത ഒരു ഗോളിന് എഫ് സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി. കൊടകരയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഉഷാ എഫ് സി അൽ ശബാബ് തൃപ്പനച്ചിയേയും പരാജയപ്പെടുത്തി.

Previous articleസീസണിലെ ആദ്യ ശതകവുമായി സഞ്ജു, പൂണെ ബൗളര്‍മാരെ തച്ച് തകര്‍ത്ത് ഡല്‍ഹി
Next articleവീണ്ടും ഉച്ചാരക്കടവിനെ ഹയർ സബാൻ പെനാൾട്ടിയിൽ പൂട്ടി