എടക്കരയിൽ ഫൈനൽ : അൽ ശബാബും ബ്ലാക്ക് ആൻഡ് വൈറ്റും നേർക്ക് നേർ.

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിന് ഇന്ന് കലാശപ്പോരാട്ടം. ഇരുപത്തിയാറ് മത്സരങ്ങൾക്ക് ശേഷം കിരീടം ആർക്കെന്നറിയാൻ ഇന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടും അൽ ശബാബ് തൃപ്പനച്ചിയും നേർക്ക് നേർ ഇറങ്ങും.


പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ കിരീടം കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെടുത്തിയ വിഷമത്തിലാണ് റോയൽ ട്രാവെൽസ് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്. പട്ടാമ്പിയിൽ നടന്ന പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ബ്ലാക്ക് ആൻഡ് വൈറ്റിന് മുസാഫിർ എഫ് സി അൽ മദീനയോട് കിരീടം നഷ്ടമായത്. പട്ടാമ്പിയിൽ നഷ്‌ടമായ കിരീടം എടക്കരയിൽ ഉറപ്പിക്കാനാണ് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് ലക്ഷ്യമിടുന്നത്.
എഫ് സി തൃക്കരിപ്പൂരിനെതിരെ ടോസിന്റെ ഭാഗ്യത്തിൽ വിജയിച്ചാണ് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് എടക്കരയിൽ യാത്ര തുടങ്ങിയത്. രണ്ടാം റൗണ്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഉഷ എഫ്സിക്ക് മുന്നിലെത്തിയപ്പോഴും ടോസ് തന്നെയാണ് ബ്ലാക്ക് ആൻഡ് വൈറ്റിനെ തുണച്ചത്. ഇരു ടീമുകളും മൂന്ന് ഗോളുകളടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരം ഒടുവിൽ ടോസിൽ ബ്ലാക്ക് ആൻഡ് വൈറ്റിന് അനുകൂലമായി മാറുകയായിരുന്നു. സെമിഫൈനലിൽ എവൈസി ഉച്ചാരക്കടവിനെ നേരിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ആദ്യ പാദത്തിൽ പിറകിലായെങ്കിലും രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എവൈസി ഉച്ചാരക്കടവിനെ തകർത്ത് ഫൈനലിൽ കടന്നു.


കിങ്‌സ് ലീയും അഡബയോറും ആഷിക് ഉസ്മാനും മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റിന്റെ ആക്രമണം തന്നെയായിരിക്കും ഫൈനലിലും ടീമിന് ശക്തിയാകാൻ പോകുന്നത്.

അൽ ശബാബ് തൃപ്പനച്ചിക്ക് ഇത് ആദ്യ ഫൈനലാണ്. ആദ്യ ഫൈനലിൽ തന്നെ കിരീടമുയർത്തിക്കൊണ്ട് മുന്നേറാനായിരിക്കും അൽ ശബാബിന്റെ ശ്രമം. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ ടൗൺ ടീം അരീക്കോടിനോട് വമ്പൻ പരാജയമേറ്റ് വാങ്ങിയത് അൽ ശബാബിന് ക്ഷീണമായെങ്കിലും എടക്കരയിലെ മത്സരത്തിൽ ഉയർത്തെഴുന്നേറ്റേ പറ്റു. എങ്കിൽ മാത്രമേ കിരീടമെന്ന ലക്ഷ്യം സാധ്യമാകൂ.


ലക്കി സോക്കർ ആലുവയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് എടക്കരയിൽ അൽ ശബാബ് തൃപ്പനച്ചി കിരീടം ഉന്നം വച്ചത്.
രണ്ടാം റൗണ്ടിൽ എഫ്സി പെരിന്തൽമണ്ണയായിരുന്നു അൽ ശബാബിന്റെ എതിരാളികൾ. എഫ്സി പെരിന്തൽമണ്ണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ശബാബ് മുന്നേറിയത്. ക്വാട്ടറിലും സെമിയിലും അൽ ശബാബ് നേരിട്ടത് സെവൻസ് ഫുട്ബോളിലെ തന്നെ രണ്ട് മഹാമേരുക്കളെയായിരുന്നു. ക്വാട്ടറിൽ ഫിഫാ മഞ്ചേരിക്കെതിരെ വന്ന അൽ ശബാബ് തൃപ്പനച്ചി പെനാൽറ്റിയിലാണ് ഫിഫാ മഞ്ചേരിയേ മറിച്ചിട്ടത്. സെമി ഫൈനലിൽ ഇരു പാദങ്ങളിലായി അൽ ശബാബ് അൽ മദീനയെ മറികടന്നു. ഇനിയുള്ളത് ഫൈനലും ബ്ലാക്ക് ആൻഡ് വൈറ്റും മാത്രമാണ്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal