ഫൈനൽ നിർഭാഗ്യം കടന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറം, മഞ്ചേരിയിൽ ആദ്യ കിരീടം

- Advertisement -

നാലു ഫൈനലുകളിൽ നിർഭാഗ്യം കൊണ്ട് നഷ്ടമായ കിരീടം അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം അവസാനം മഞ്ചേരിയിൽ നിർഭാഗ്യ കടമ്പ കടന്നു. മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ കീഴടക്കിയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ സീസണിലെ ആദ്യ കിരീടം ഉയർത്തിയത്. മാവൂർ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഫൈനലിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനോടേറ്റ പരാജയത്തിനും ഇതോടെ പരിഹാരമായി.

മഞ്ചേരിയിലെ ആവേശപോരാട്ടത്തിൽ തുടക്കം മുതലേ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറിയത്. പാട്രിക്കിന്റെ ഒരു ലോംഗ് റേഞ്ചർ കാളിക്കാവിന്റെ പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയപ്പോൾ സൂപ്പർ വീണ്ടും നിർഭാഗ്യ ഫൈനലുകൾ ഓർത്തുപോയി. പക്ഷെ നിർഭാഗ്യം അധികസമയം നീണ്ടില്ല. മൂസയുടെ ഗോളിലൂടെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം മുന്നിലെത്തി.

രണ്ടാം പകുതിയിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് കളിയിലേക്ക് തിരിച്ചുവരാൻ സ്ഥിരമായി ശ്രമിച്ചു എങ്കിലും ലക്ഷ്യം കണ്ടില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ആദ്യ കിരീടം. കെ എഫ് സി കാളിക്കാവിന്റെ ആദ്യ ഫൈനൽ പരാജയം.

ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ സെമിയിൽ പരാജയപ്പെടുത്തിയായിരുന്നു  സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഫൈനൽ പ്രവേശനം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement