
കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ സെമിഫൈനൽ ഇന്നാണ്. ആദ്യ സെമിഫൈനലിൽ കരുത്തരായ ഫിഫാ മഞ്ചേരി ബേസ് പെരുമ്പാവൂരിനെ നേരിടും. ഉഷാ എഫ് സി, അൽ മിൻഹാൽ, അൽ മദീന എന്നീ ശക്തരെ തകർത്താണ് ബേസ് പെരുമ്പാവൂർ കോട്ടക്കലിൽ സെമിയിലെത്തിയത്. പക്ഷെ ഫിഫാ മഞ്ചേരിയെ തോൽപ്പിക്കുക എളുപ്പമാകില്ല ബേസിന്. സീസണിൽ നാലു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ നാലു തവണയും ജയം ഫിഫാ മഞ്ചേരിക്കൊപ്പം ആയിരുന്നു. നാലു മത്സരങ്ങളിൽ നിന്നായി വെറും ഒരു ഗോളു മാത്രമേ ഫിഫയ്ക്കെതിരെ ബേസ് പെരുമ്പാവൂരിനു നേടാനും കഴിഞ്ഞുള്ളൂ.
മഞ്ചേരിയിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. കഴിഞ്ഞ ദിവസം എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാകും അൽ മദീന ചെർപ്പുളശ്ശേരി. അൽ മദീന ചെർപ്പുളശ്ശേരിയുടെ വിദേശ താരങ്ങളായ ഡി മറിയയും ആൽബർട്ടും മിന്നുന്ന ഫോമിലാണ്. ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് അൽ മിൻഹാൽ എത്തുന്നത്.
എടപ്പാളിൽ ആതിഥേയരായ സ്കൈ ബ്ലൂ എടപ്പാളും മെഡിഗാഡ് അരീക്കോടും തമ്മിലാണ് മത്സരം .അവസാന നാലിൽ മൂന്നും ജയിച്ചു വരുന്ന സ്കൈ ബ്ലൂ എടപ്പാളിന് സ്വന്തം നാട് എന്ന മുൻതൂക്കവും ഉണ്ട്. എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ ഉശിരൻ പ്രകടനം കാഴ്ചവെച്ച് ഫോമിലേക്ക് തിരിച്ചുവരുന്ന മെഡിഗാഡിനെ മറികടക്കൽ എളുപ്പമാവില്ല.
മാവൂരിലും ഇന്ന് ആതിഥേയരുടെ പോരാട്ടമാണ്. ആതിഥേയരായ ജവഹർ മാവൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും. ഇരു ടീമുകളും ആദ്യമായാണ് സീസണിൽ നേർക്കുനേർ വരുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ നാലും കെ ആർ എസ് കോഴിക്കോട് പരാജയപ്പെട്ടിരുന്നു. എടത്തനാട്ടുകരയിൽ ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ നേരിടും. സൂപ്പറിനോട് സ്വന്തം നാട്ടിൽ നടന്ന സെമി ഫൈനലിൽ പരാജയപ്പെട്ടതിന്റെ പകയോടാകും ലിൻഷാ മെഡിക്കൽസ് എത്തും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് ജിംഖാന തൃശ്ശൂർ അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal