പരാജയത്തിൽ നിന്നു കയറാൻ ഫിഫ, ജയം തുടരാൻ ഉഷാ എഫ് സി

fifa

ഇന്നലെ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനോടേറ്റ പരാജയത്തിന് മറുപടി പറയാനാകും ഫിഫാ മഞ്ചേരി ഇന്നിറങ്ങുക. എതിർഭാഗത്ത് ശക്തരായ ഗോവ എഫ് സി ആണ് അണിനിരക്കുന്നത്. സ്കൈ ബ്ലൂ എടപ്പാളിനെ ചാവക്കാടിന്റെ മണ്ണിൽ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് എഫ് സി ഗോവ രണ്ടാം അങ്കത്തിനെത്തുന്നത്. ഇനിയൊരു പരാജയം ഏറ്റുവാങ്ങാൻ കഴിയാത്ത മനോഭാവത്തോടെ ഫിഫാ മഞ്ചേരിയും. ഫ്രാൻസിസും ജൂനിയർ ഫ്രാൻസിസും ഇന്നു ഫോമിലേക്കുയരുമെന്നാണ് ഫിഫാ മഞ്ചേരി ആരാധകരുടെ പ്രതീക്ഷ.
കുന്നമംഗലത്ത് ഇന്ന് ടൗൺ ടീം അരീക്കോട് ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും. ബിനീഷ് ബാലനെയും മൻപ്രീത് സിംഗിനേയും പോലുള്ള മികച്ച താരങ്ങളെ ഇറക്കിയിട്ടും പ്രതിരോധത്തിലെ പാളിച്ച കാരണം സീസണിൽ സന്തുലിതാവസ്ഥ കണ്ടെത്താതെ വിഷമിക്കുകയാണ് ടോപ്പ് മോസ്റ്റ് തലശ്ശേരി. മറുഭാഗത്ത് ടൗൺ ടീം അരീക്കോടും വലിയ ഫോമിലല്ല. ബേസ് പെരുമ്പാവൂരിനെ അവസാന മത്സരത്തിൽ 2-0ന് തോൽപ്പിച്ചാണ് ടൗൺ ടീം അരീക്കോട് എത്തുന്നത്.

മങ്കടയിൽ ഇന്ന് ഉഷാ എഫ് സി തൃശ്ശൂരും എഫ് സി പെരിന്തൽമണ്ണയും തമ്മിലാണ് അങ്കം. തുടർച്ചയായ മൂന്നാം ജയമാകും ജിയോണി ഉഷാ എഫ് സി തൃശ്ശൂർ ലക്ഷ്യമിടുന്നത്. അൽ മദീന ചെർപ്പുളശ്ശേരിയെ മൂന്നു ഗോളിനു തകർത്ത ആത്മവിശ്വാസത്തിലാകും ഉഷാ എഫ് സി. ബെർണാർഡ് മികച്ച പ്രകടനത്തോടെ സീസൺ തുടങ്ങി എങ്കിലും ബെർണാർഡ് അല്ലതെ വേറെയാരും ഉഷാ എഫ് സിക്കു വേണ്ടി ഗോൾ നേടിയില്ല എന്നത് ഈ‌ തൃശ്ശൂർ ടീമിനെ കുഴക്കും. എഫ് സി പെരിന്തൽമണ്ണ 3-1ന് ഫിറ്റ് വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് മത്സരത്തിലേക്ക് വരുന്നത്.
picsart_11-17-01-40-19

കർക്കിടാംകുന്നിൽ പ്രീക്വാർട്ടറിൽ ശക്തമായ പോരാട്ടമാണ് നടക്കാൻ പോകുന്നത്. റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും. അഡബയോറിന്റെ ഹാട്രിക്കിന്റെ ബലത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ തകർത്താണ് ബ്ലേക്ക് & വൈറ്റ് പ്രീക്വാർട്ടറിൽ കടന്നത്. വിവാദ മത്സരത്തിൽ ലക്കി സോക്കർ ആലുവയെ മറികടന്നാണ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ വരവ്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal