ഒരിടവേളയ്ക്കു ശേഷം ഫിഫാ മഞ്ചേരിയും ശാസ്താ മെഡിക്കൽസും നേർക്കുനേർ

മങ്കടയിൽ ഫിഫാ മഞ്ചേരിയും ശാസ്താ മെഡിക്കൽസും തമ്മിൽ സീസൺ തുടക്കത്തിൽ ഏറ്റുമുട്ടിയത് സെവൻസ് പ്രേമികൾ ഓർക്കുന്നുണ്ടാകും. കാലിൽ നിന്നു കയ്യിലേക്ക് വരെ കളിയെത്തിയ രാത്രി. അന്ന് ഫിഫാ മഞ്ചേരിക്ക് സീസണിലെ ആദ്യ പരാജയമേറ്റു വാങ്ങി മടങ്ങേണ്ടി വന്നു മങ്കടയിൽ നിന്ന്. ആ കണക്ക് ഫിഫ മഞ്ചേരി ഷൊർണ്ണൂരിൽ തീർത്തു എങ്കിലും അതിനു ശേഷം ഇരുടീമുകളും നേർക്കുനേർ വന്നില്ല.

വീണ്ടും ഒരിടവേളയ്ക്കു ശേഷം അവർ കണ്ടുമുട്ടുകയാണ്. വരന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ വെച്ച്. അവസാന അഞ്ചു മത്സരങ്ങളിൽ വെറും ഒരു ജയം മാത്രമുള്ള ശാസ്താ മെഡിക്കൾസ് അത്ര മികച്ച ഫോമിലല്ല. അവസാന മൂന്നു മത്സരങ്ങളിലും ജയമില്ലാത്ത ഫിഫാ മഞ്ചേരിയും മെച്ചമല്ല. എന്തായാലും ആരായിരിക്കും വരന്തരപ്പിള്ളിയിൽ ഫോമിലേക്കുയരുക എന്ന് നാളെ അറിയാം.

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന ദിവസമായ നാളെ എഫ് സി കൊണ്ടോട്ടി കെ ആർ എസ് കോഴിക്കോടിനെ നേരിടും. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയത് മഞ്ചേരിയിൽ വെച്ചായിരുന്നു. അന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോട് കൊണ്ടോട്ടിയെ തകർത്തിരുന്നു.