എടക്കരയിൽ ഫിഫാ മഞ്ചേരിയുടെ മരണമാസ്സ് തിരിച്ചുവരവ്!!

എടക്കര അഖിലേന്ത്യാ സെവൻസിൽ ഇന്ന് കണ്ടത് ആവേശം മാനം മുട്ടിയ മത്സരമായിരുന്നു. ഇന്ന് അവസാന ക്വാർട്ടർ ഫൈനലിൽ ടൗൺ ടീം അരീക്കോടായിരുന്നു ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. ഒരു സമയത്ത് ടൗൺ ടീം അരീക്കോട് 3-1 എന്ന സ്കോറിന് മുന്നിൽ എത്തി സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു എന്ന് കരുതിയതായിരുന്നു. എന്നാൽ എല്ലാം നിമിഷ നേരം കൊണ്ട് മാറി മറഞ്ഞു.

ഒന്നിനു പിറകെ ഒന്നായി ഫിഫാ മഞ്ചേരിയുടെ അറ്റാക്ക് വന്നു. ടൗൺ ടീം അരീക്കോടിന്റെ വല ഇടവേളകളില്ലാതെ കുലുങ്ങാൻ തുടങ്ങി. ഫുൾടൈം വിസിൽ വരുമ്പോൾ 4-3ന് ഫിഫയ്ക്ക് വിജയം. ആരാധകരെ മുഴുവൻ ആവേശത്തിൽ ആക്കി ഫിഫാ മഞ്ചേരി സെമി ഫൈനൽ പ്രവേശനം ആഘോഷിച്ചു. ഈ സീസൺ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഈ ക്വാർട്ടർ പോരാട്ടം.