സീസൺ റിവ്യൂ; ഫിഫാ മഞ്ചേരി, നിറം മങ്ങിയ വമ്പന്മാർ

ഫിഫാ മഞ്ചേരിക്ക് 2016-17 സീസൺ അത്രയ്ക്ക് നല്ല ഓർമ്മയല്ല. നാലു കിരീടങ്ങളും പത്തു ഫൈനലുകളും ഒക്കെ ഉണ്ട്. പക്ഷെ‌ ഫിഫാ മഞ്ചേരിക്കത് ഒക്കെ കുറവുകളാണ്. അത്രയ്ക്ക് വലുതാണ് ഈ രാജാക്കന്മാർ അവർക്കു നേടികൊടുത്ത വില. ഒന്നാം സ്ഥാനമല്ലാത്ത എല്ലാം ഫിഫാ മഞ്ചേരിക്കും അവരുടെ ആരാധകർക്കും നിരാശയാണ്. 2016-17 സീസണിൽ അൽ മദീനയ്ക്കു മാത്രമല്ല പലർക്കും പിറകിലാണ് കിരീടങ്ങളുടെ കണക്കിൽ ഇത്തവണ ഫിഫാ മഞ്ചേരി.

എവിടെയാണ് ഫിഫയ്ക്ക് പിഴച്ചത് എന്ന ചോദ്യം തേടി മങ്കട അഖിലേന്ത്യാ സെവൻസിൽ ഫിഫയ്ക്കേറ്റ ആദ്യ പരാജയം വരെ‌ പോകേണ്ടതുണ്ട്. ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെതിരെ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ സീസണിലെ ആദ്യ പരാജയം. ആ കളിയുടെ വിശകലനങ്ങളിൽ വന്ന ചർച്ചയ്ക്കിടയിൽ ഫിഫാ മഞ്ചേരിയുടെ ഈ സീസണിലെ പ്രതിരോധം അവരുടെ പ്രതാപങ്ങളിലെ അത്ര മികച്ചതല്ല എന്നും ഈ‌ സീസൺ അവസാനിക്കുമ്പോഴേക്കും അതു മനസ്സിലാകും എന്നും അഭിപ്രായം ഉയർന്നു. അക്ഷരാർത്ഥത്തിൽ സംഭവിച്ചതും അതുതന്നെ ആയി.

ഗോളടിക്കാൻ കുട്ടനും ഫ്രാൻസിസും ജൂനിയർ ഫ്രാൻസിസും എന്തിന് മടങ്ങിയെത്തിയ എറികും മികച്ച ഫോമിൽ ഉണ്ടായിട്ടും കിരീടങ്ങളുടെ എണ്ണം കുറഞ്ഞു എങ്കിൽ അത് ഡിഫൻസിലെ പോരായ്മകൾ ആയിരുന്നു. വിദേശ ക്ലബുകൾക്കായി കളിക്കാൻ ഫിഫാ മഞ്ചേരിയുടെ ഒന്നാം ഗോൾകീപ്പർ സലാം ഇടയ്ക്കിടെ പോയതും ഫിഫാ മഞ്ചേരിക്ക് തിരിച്ചടിയായി.

ചാവക്കാട്, എടത്തനാട്ടുകര, കോട്ടക്കൽ, ചെമ്മാണിയോട് എന്നീ ഗ്രൗണ്ടുകളിലാണ് ഫിഫാ മഞ്ചേരി ഇത്തവണ കിരീടം ചൂടിയത്. കുന്നമംഗലത്തും, ഷൊർണ്ണൂരും കണിമംഗലത്തും കൊണ്ടോട്ടിയിലും മമ്പാടും പാലത്തിങ്ങലിലും അവസാനം എടവണ്ണപ്പാറയിലും ഫൈനലിൽ ഫിഫാ മഞ്ചേരി കലമുടച്ചു. ഫൈനലുകളിൽ മാത്രമല്ല മികച്ച ടീമുകൾക്കെതിരെ ഉള്ള ഫിഫാ മഞ്ചേരിയുടെ സീസൺ റെക്കോർഡും മോശമായിരുന്നു ഈ‌ സീസണിൽ.

അൽ മദീന ചെർപ്പുള്ളശ്ശേരിക്കെതിരെ എട്ടു മത്സരങ്ങളിൽ ഒരൊറ്റ വിജയം, ആറു പരാജയം. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ എട്ടു മത്സരങ്ങളിൽ ആറു പരാജയം, രണ്ടു വിജയം. ഫിഫ ആരാധകർക്ക് കിരീടനേട്ടങ്ങൾ കുറവാണ് എന്നതിനേക്കാൾ വേദന അൽ മദീനയോടും സൂപ്പറിനോടുമൊക്കെ ഈ സീസണിൽ ഉള്ള റെക്കോർഡ് ഓർത്താകും.

ഇങ്ങനെ ഒക്കെ ആണെങ്കിലും അൽ മദീനയ്ക്ക് പിറകിൽ സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ ഉള്ള ടീം ഫിഫാ മഞ്ചേരി തന്നെ. 117 മത്സരങ്ങളിൽ 75 വിജയങ്ങളാണ് ഉള്ളത്. 238 ഗോളുകൾ 117 മത്സരങ്ങളിൽ നിന്നായി നേടുകയും ചെയ്തു. ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ടീമെന്ന റെക്കോർഡ് ഈ സീസണിൽ ഫിഫാ മഞ്ചേരി സ്വന്തമാക്കി. കോട്ടക്കൽ മൈതാനിയിൽ 19 ഗോളുകളാണ് ട്രോഫി തേടിയുള്ള വഴിയിൽ ഫിഫാ മഞ്ചേരി അടിച്ചു കൂട്ടിയത്. ഈ സീസണിൽ ഒരു മത്സരത്തിൽ രണ്ട് ഹാട്രിക്ക് നേടിയതും ഫിഫാ മഞ്ചേരി മാത്രമാണ്. എ വൈ സി ഉച്ചാരക്കടവിനെതിരെയുള്ള മത്സരത്തിലാണ് ഫിഫാ മഞ്ചേരിയുടെ കുട്ടനും ജൂനിയർ ഫ്രാൻസിസും ഒരേ മത്സരത്തിൽ ഹാട്രിക്ക് കണ്ടെത്തിയത്.

അടുത്ത സീസണിൽ ഫിഫാ മഞ്ചേരി അവരുടെ ഉഗ്ര പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്നു തന്നെയാണ് ആരാധാകരുടെ പ്രതീക്ഷ. ഫിഫാ മഞ്ചേരി ശക്തമായി തിരിച്ചുവരുമെന്നും സെവൻസ് ലോകത്ത് പൊടിപാറും ഉണ്ടാവുമെന്ന് നമുക്കും പ്രതീക്ഷിക്കാം.