ഫിഫ മഞ്ചേരിയുടെ കിരീടത്തിനു പിറകിൽ മറഡോണയുടെ കൈ!?

- Advertisement -

ഫിഫാ മഞ്ചേരി ഇന്നലെ കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവൻസിൽ തങ്ങളുടെ സീസണിലെ ആദ്യ കിരീടം ഉയർത്തിയിട്ടും ഫിഫ മഞ്ചേരിയുടെ ആരാധകർക്ക് സ്വസ്ഥതയില്ല എന്നു പറയാം. ഇന്നലെ കളിയിൽ ഫിഫ നേടിയ ഗോളാണ് വിവാദമായിരിക്കുന്നത്. ഫിഫയുടെ ഫോർവേഡ് നേടിയ ഗോൾ കൈ കൊണ്ടാണെന്നാണ് എതിർടീമായ ബേസ് പെരുമ്പാവൂരും കളിക്ക് സാക്ഷിയായ ഫിഫാ ആരാധകർ ഒഴികെ ഉള്ള ആയിരങ്ങളും പറയുന്നത്.

ഗോളിന്റെ വ്യക്തതയില്ലാത്ത വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഫിഫാ മഞ്ചേരിയുടെ താരം അഫ്ദൽ പന്ത് ഹാൻഡിൽ ചെയ്യുന്നത് വ്യക്തമാണെന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. റഫറി നജീബ് ഫിഫയ്ക്ക് അനുകൂലമായി വിളിച്ചതാണെന്നും ഇത് ആദ്യത്തെ സംഭവമല്ല എന്നും സെവൻസ് പ്രേമികൾ പറയുന്നു. സെൽഫ് ഗോളാണെന്നാണ് ഫിഫാ മഞ്ചേരി ആരാധകരുടെ വാദം. ഇതിനായി അവരും തെളിവുകൾ നിരത്തുന്നുണ്ട്. അഫ്ദൽ പന്ത് തൊട്ടില്ല എന്നും അതിനുമുമ്പ് ബേസിന്റെ ഡിഫൻഡർ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഓൺ ഗോളായതാണെന്നും ആണ് ഇവരുടെ വാദം.

മത്സരത്തിൽ ആ‌ ഗോൾ അനുവദിക്കുകയും മത്സരം 1-1 എന്ന സ്കോറിൽ സമനില ആവുകയുമായിരുന്നു. പെനാൾട്ടിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം ആയപ്പോൾ ടോസിൽ ഫിഫാ മഞ്ചേരി വിജയിക്കുക ആയിരുന്നു. ഫിഫയുടെ‌ സീസണിലെ ആദ്യ കിരീടമാണ് ഇത്. പക്ഷ ഈ‌ കിരീടത്തിന്റെ തിളക്കം വിവാദ ഗോൾ കുറയ്ക്കുകയാണ്. മറഡോണയ്ക്ക് അഭിമാനം തോന്നും ഫിഫയുടെ കളികണ്ടാൽ എന്നാണ് വിമർശകർ പരിഹസിക്കുന്നത്.

ഫിഫാ മഞ്ചേരി വിവാദ ഗോൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement