ലിൻഷാ മെഡിക്കൽസിനെ തകർത്ത് ഫിഫാ മഞ്ചേരി ഫൈനലിൽ

- Advertisement -

കണിമംഗലം അഖിലേന്ത്യാ സെവൻസിൽ ഫൈനലുറപ്പിച്ച് ഫിഫാ മഞ്ചേരി. ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഫിഫാ മഞ്ചേരി തങ്ങളുടെ നാലാം ഫൈനലിന് യോഗ്യത നേടിയത്. തുടർച്ചയായ മൂന്നു ജയങ്ങളുമായി എത്തിയ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഫിഫാ മഞ്ചേരിക്ക് വെല്ലുവിളിയാകുമെന്നു കരുതിയെങ്കിലും വെല്ലുവിളി പോയിട്ട് ഫിഫാ മഞ്ചേരിക്കെതിരെ പൊരുതാൻ പോലും ലിൻഷാ മെഡിക്കൽസിനായില്ല. ഫിഫാ മഞ്ചേരിക്ക് വേണ്ടി ഫ്രാൻസിസ് ഹാട്രിക് നേടി. സഫ്വാൻ ആണ് ലിൻഷാ മെഡിക്കൽസിന്റെ ആശ്വാസഗോൾ നേടിയത്.

മണ്ണാർക്കാട് ബ്ലാക്ക് & വൈറ്റും സൂപ്പർ സ്റ്റുഡിയോയുമായി നടന്ന ശക്തമായ മത്സരത്തിൽ ഇർഷാദിന്റെ ഏക ഗോളിന്റെ മികവിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു. റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്. എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് വൈകിവന്ന ഫോം തുടരുന്നതും ജിംഖാന തൃശ്ശൂർ സീസണിലെ മോശം ഫോമിൽ നിന്ന് രക്ഷപ്പെടാൻ കഷ്ടപ്പെടുന്നതുമാണ് കണ്ടത്. മത്സരത്തിൽ കോർണറിൽ നിന്നു ലഭിച്ച സുവർണ്ണാവസരം ഗോളാക്കി മാറ്റി കെ ആർ എസ് കോഴിക്കോട് 1-0 എന്ന സ്കോറിനു വിജയിച്ചു.

പട്ടാമ്പിയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയുടെ വൻ തിരിച്ചുവരവാണ് കണ്ടത്. രണ്ടു ഗോളിനു പരാജയപ്പെട്ടു നിന്നെടുത്തായിരുന്നു മുസാഫിർ എഫ് സി അൽ മദീനയുടെ വിജയം. അൻഷിദ് ഖാൻ വരുത്തിയ പിഴവ് ആദ്യ നിമിഷം തന്നെ ഗോളാക്കി മാറ്റി ഹണ്ടേഴ്സ് കൂത്തുപറമ്പ് അൽ മദീനയെ ഞെട്ടിച്ചു. ഞെട്ടൽ മാറും മുന്നേ തന്നെ രണ്ടാം ഗോളും നേടി ഹണ്ടേഴ് രണ്ടു ഗോളുകൾക്കു മുന്നിൽ. പിന്നെയായിരുന്നു മദീനയുടെ തിരിച്ചു വരവ്. ഹാഫ് ടൈമിനു മുന്നേ ആൽബർട്ടിലൂടെ ഒന്നു മടക്കിയ മുസാഫിർ എഫ് സി രണ്ടാം പകുതിയിൽ നിറഞ്ഞാടി. ഷിബിനിലൂടെ സമനിലയും ഡിമറിയയിലൂടെ വിജയഗോളും നേടിയ അൽമദീന നിർത്തിയത് 4-2 എന്ന സ്കോറിനായിരുന്നു.

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നീലേശ്വരം ഏറ്റ പരാജയത്തിന് ശാസ്താ മെഡിക്കൽസ് കണക്കു തീർത്തു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ വിജയം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement