അവസാനം മദീനയെ പരാജയപ്പെടുത്തി, ഫിഫാ മഞ്ചേരിക്ക് മൂന്നാം കിരീടം

- Advertisement -

ഫിഫാ മഞ്ചേരി അവസാനം അൽ മദീന ചെർപ്പുളശ്ശേരി എന്ന കടമ്പ കടന്നു. സീസണിൽ ആറാം തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ വിജയവും കപ്പും ഫിഫാ മഞ്ചേരി നാട്ടിലേക്ക് കൊണ്ടുപോയി. ഫിഫാ മഞ്ചേരിയുടെ സീസണിലെ മൂന്നാം കിരീടമാണിത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.
എടത്തനാട്ടുകര കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തിനു മുന്നിലായിരുന്നു ഫൈനലിന്റെ കിക്കോഫ് വിസിൽ മുഴങ്ങിയത്. കളി മുൻഫൈനലുകളെ പോലെ തന്നെ കാണികളുടെ ബാഹുല്യം കാരണം ഇടക്കിടെ നിർത്തേണ്ടി വന്നു. ആദ്യ പകുതി ഇരുടീമുകളും കരുതലോടെ കളിച്ചതുകൊണ്ട് തന്നെ ഗോളൊന്നും നേടാതെ പിരിയേണ്ടി വന്നു.

രണ്ടാം പകുതിയുടെ ആരംഭം മുതലേ ഇരുടീമുകളും ആക്രമണങ്ങളും ലോംഗ് റേഞ്ചറുകളുമായി ഗോൾമുഖം വിറപ്പിച്ചു എങ്കിലും ഫിഫാ മഞ്ചേരിക്കാണ് ആദ്യം ഗോൾ വല കുലുക്കാൻ കഴിഞ്ഞത്. ഒറ്റയ്ക്കു മുന്നേറിയ ഫ്രാൻസിസ് ഗോൾ ലൈനിൽ നിന്നു കയറി വന്ന അൻഷിദ് ഖാനു മുകളിലൂടെ ചിപ്പ് ചെയ്തുകൊണ്ട് ഫിനിഷ് ചെയ്ത ഗോൾ ഫിഫയെ മുന്നിലെത്തിച്ചു. ഗോളിനു ശേഷം മത്സരം കയ്യാംകളിയിലേക്കു നീണ്ടപ്പോൾ മദീനയുടെ കുഞ്ഞാണിയും ഫിഫയുടെ സീനിയർ ഫ്രാൻസിസും ചുവപ്പു കണ്ട് പുറത്തു പോയി. ഇടക്കിടെ കാണികൾ ഗ്രൗണ്ട് കയ്യേറിയതു മത്സരം നിർത്തി വെക്കേണ്ടി വന്നു എങ്കിലും അവസാനം കളിയുടെ ഫൈനൽ വിസിൽ വന്നപ്പോൾ വിജയം ഫിഫയുടേതായി.
എഫ് സി തിരുവനന്തപുരത്തിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫിഫാ മഞ്ചേരി എടത്തനാട്ടുകരയിൽ യാത്ര തുടങ്ങിയത്. കുട്ടന്റെ ഹാട്രിക്കിന്റെ മികവിൽ കെ ആർ എസ് കോഴിക്കോടിനെയാണ് ഫിഫാ രണ്ടാം റൗണ്ടിൽ മറികടന്നത്. ക്വാർട്ടറിൽ ജവഹർ മാവൂരും ഫിഫാ മഞ്ചേരിക്ക് മുന്നിൽ വീണു. ആവേശകരമായ സെമി ഫൈനലിൽ സൂപ്പറിനെ ഇരുപാദങ്ങളിലുമായി മറികടന്നാണ് ഫിഫ ഫൈനലിൽ എത്തിയത്.

ഇതിനു മുന്നേ അഞ്ചു തവണ അൽ മദീന ചെർപ്പുളശ്ശേരിയുമായി മുട്ടിയപ്പോഴും ജയിക്കാൻ കഴിയാതിരുന്നതിന്റെ കണക്കുകൾ തീർക്കാൻ ഫിഫാ മഞ്ചേരി ഇവിടെ തുടങ്ങുകയാണെന്ന പ്രതീക്ഷയാണ് ഫിഫാ ആരാധകർക്ക് ഈ ജയത്തോടെ വന്നത്. കിരീട നേട്ടത്തോടെ മെഡിഗാഡ് അരീക്കോടിനൊപ്പ മൂന്നു കിരീടമായി സീസണിൽ ഫിഫയ്ക്ക്. അൽ മദീന ചെർപ്പുളശ്ശേരിയുടെ അഞ്ചു കിരീടം എന്ന നേട്ടം മറികടക്കുക ആകും ഫിഫാ മഞ്ചേരിയുടെ ഇനിയുള്ള ലക്ഷ്യം.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement