മഞ്ചേരിയിൽ എഫ് സി പെരിന്തൽമണ്ണയ്ക്കു മുന്നിൽ ഫിഫാ മഞ്ചേരി വീണു

അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ട് രാജാക്കന്മാർ മൂക്ക് കുത്തി വീണിരിക്കുകയാണ്. മഞ്ചേരിയിൽ ഫിഫാ മഞ്ചേരിയും കോട്ടക്കലിൽ അൽ മദീന ചെർപ്പുളശ്ശേരിയുമാണ് തോൽവി രുചിച്ചത്.


ഫിഫാ മഞ്ചേരിക്ക് സ്വന്തം തട്ടകമായ മഞ്ചേരിയുടെ മണ്ണിൽ തന്നെ നാണം കെടേണ്ടി വന്നു. എഫ്സി പെരിന്തൽമണ്ണയാണ് മഞ്ചേരിയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്സി പെരിന്തൽമണ്ണ വിജയിച്ചത്. അവസാന ആറ് മത്സരങ്ങളും പരാജയപ്പെട്ട ടീമാണ് എഫ്സി പെരിന്തൽമണ്ണ. കുട്ടനാണ് ഫിഫാ മഞ്ചേരിക്ക് വേണ്ടി ആശ്വാസഗോൾ നേടിയത്.

 

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ ഞെട്ടിച്ച് ബേസ് പെരുമ്പാവൂർ. കളിയിൽ പിറന്ന ഏകഗോളിന്റെ മികവിലാണ് ബേസ് പെരുമ്പാവൂർ വിജയിച്ചത്. പരാജയമറിയാത്ത ഒമ്പതു മത്സരങ്ങൾക്കു ശേഷമാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി പരാജയപ്പെടുന്നത്. സീസണിലെ ബേസ് പെരുമ്പാവൂരിന്റെ നാലാം ജയമാണിത്.

മാവൂരിൽ ശക്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ബ്ലാക്ക് & വൈറ്റ് കോഴിക്കോടും നേർക്കുനേർ വന്ന മത്സരത്തിൽ ജയം മലപ്പുറത്തിന്റെ മഞ്ഞപ്പടയ്ക്ക്. 1-2നു പിറകിൽ നിന്ന ശേഷമാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം എക്സ്ട്രാ ടൈമിൽ വിജയിച്ചു കയറിയത്. ശക്തമായ പോരാട്ടത്തിൽ ബ്ലാക്ക് & വൈറ്റ് താരം അഡബയോർ റഫറിയെ ആക്രമിച്ച് ചുവപ്പു കാർഡ് വാങ്ങി. റഫറിയെ പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് കാണികൾ ബ്ലാക്കിനെതിരെ തിരിഞ്ഞത് ഗ്രൗണ്ടിൽ കളിക്കുശേഷം സംഘർഷാവസ്ഥ തീർത്തു.

 

എടപ്പാളിലും കളി സംഘർഷത്തിലേക്കെത്തി മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും അൽ ശബാബ് ത്രിപ്പനച്ചിയും തമ്മിൽ നടന്ന മത്സരത്തിൽ പിറന്ന മൂന്നാം ഗോളാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരുടീമുകളും ഓരോ ഗോൾ അടിച്ചു നിൽക്കുമ്പോൾ അൽ ശബാബ് നേടിയ മൂന്നാം ഗോൾ ഓഫ്‌ സൈഡായിരുന്നു എന്നതാണ് പ്രശ്നമായത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ എഫ് സി കാളിക്കാവ് ഗ്രൗണ്ട് വിടുകയായിരുന്നു. ശേഷം കാണികളും കമ്മിറ്റിക്കാരും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. കാണികൾ ടിക്കറ്റ് കൗണ്ടറും ഗ്യാലറിയും തകർത്താണ് കളം വിട്ടത്.


കുപ്പൂത്തിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് ഉഷാ എഫ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ പരാജയപ്പെടുത്തി. ഉഷായുടെ തകർപ്പൻ ജയത്തിൽ മുനീർ രണ്ടു ഗോളുകളും അലെക്സി സെമ എന്നിവർ ഓരോ ഗോൾ വീതവും നേടി. എടത്താനാട്ടുകരയിൽ ടൗൺ ടീം അരീക്കോട് എഫ്സി പെരിന്തൽമണ്ണയേ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ടൗൺ ടീം അരീക്കോടിന്റെ വിജയം. ടൗൺ ടീമിന്റെ അവസാന നാല് മത്സരങ്ങളിലെ മൂന്നാം വിജയമാണിത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleഡിപാന്തക്ക് ഇരട്ട ഗോൾ; ചെന്നൈ സിറ്റിയെ മറികടന്ന് ഷില്ലോങ് ലജോങ് എഫ്‌സി
Next articleഇന്ന് എടപ്പാളിൽ ഐഎം വിജയൻ ബൂട്ട് കെട്ടും