ഫിഫാ മഞ്ചേരിക്ക് ഇന്നു ജയിച്ചേ തീരൂ, തടയാൻ സൂപ്പർ

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫിഫാ മഞ്ചേരിക്ക് മരണ പോരാട്ടമാണ്. സെമി രണ്ടാം പാദത്തിൽ ജയിച്ചാലേ ഫിഫാ മഞ്ചേരിക്ക് ഫൈനലിൽ എത്താൻ കഴിയൂ. പക്ഷെ തടയാൻ മുഴുവൻ ശക്തിയുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം കാണും മറുഭാഗത്ത്. ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിയെ 3-1ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തകർത്തിരുന്നു. ഇന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് സമനില മതിയാകും ഫൈനലിലേക്ക് കടക്കാൻ. അൽ മദീന ചെർപ്പുളശ്ശേരിയാണ് സെമി ഫൈനലിലെ വിജയികളെ കാത്തിരിക്കുന്നത്.

കുപ്പൂത്തിലും ഇന്ന് സെമി ഫൈനലാണ്. ഇറങ്ങുന്നത് തൃശ്ശൂരിന്റെ ശക്തികളായ ജിയോണി മൊബൈൽ ഉഷാ എഫ് സിയും ശാസ്താ മെഡിക്കൽസ് തൃശ്ശൂരുമാണ്. ശാസ്തയെ ഇതിനു മുന്നേ രണ്ടു തവണ നേരിട്ടപ്പോഴും ഉഷാ എഫ് സി പരാജയപ്പെട്ടിരുന്നു. എടപ്പാളിൽ ഫൈനലിൽ പരാജയപ്പെട്ട ക്ഷീണത്തിലാകും ലയണൽ തോമസിന്റെ ശാസ്താ മെഡിക്കൽസ്.

മഞ്ചേരിയിൽ ഇന്ന് ഇറങ്ങുന്നത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരുമാണ്. അവസാന രണ്ടു മത്സരങ്ങളിലും ഗോളടിക്കാൻ അൽ മദീന ചെർപ്പുള്ളശ്ശേരിക്കായിട്ടില്ല എന്നതിനു പരിഹാരം കൺറ്റെത്തുകയാകും മദീനയുടെ ലക്ഷ്യം. പട്ടാമ്പിയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പെനാൾട്ടി ഷൂട്ടൗട്ടിലാണ് മദീന വിജയിച്ചത്.

മറ്റു മത്സരങ്ങളിൽ കൊണ്ടോട്ടിയിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഹയർ സബാൻ കോട്ടക്കലിനെ നേരിടും. തുവ്വൂരിൽ ജവഹർ മാവൂരും എ വൈ സി ഉച്ചാരക്കടവും തമ്മിലാണ് മത്സരം.

Advertisement