ചാവക്കാട് ഫിഫാ മഞ്ചേരി ഫൈനലിൽ

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെ ഇരുപാദങ്ങളിലുമായി 2-1നു കീഴടക്കി ഫിഫാ മഞ്ചേരി ഫൈനൽ ഉറപ്പിച്ചു. ഫിഫാ മഞ്ചേരിയുടെ സീസണിലെ ആദ്യ ഫൈനലാണിത്. കർക്കിടാംകുന്നിൽ ഫിഫാ മഞ്ചേരി സെമിഫൈനലിൽ പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ ഫിറ്റ് വെൽ കോഴിക്കോട് ഫിഫാ മഞ്ചേരി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ആദ്യ പാദത്തിൽ ഫിഫ 2-1നു വിജയിച്ചിരുന്നു. ഫൈനലിൽ എതിരാളികളെ അറിയാൻ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഉഷാ എഫ് സി തൃശ്ശൂരും രണ്ടാം പാദ സെമി വരെ കാത്തിരിക്കണം.

കുന്നമംഗലത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജിയോണി മൊബൈൽ ഉഷാ എഫ് സിയെ തകർത്തു കൊണ്ടു മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി പകരം വീട്ടി. സീസണിൽ തുടക്കത്തിൽ ചാവക്കാട് ഏറ്റുമുട്ടിയപ്പോൾ അൽ മദീനയെ ഉഷാ എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ആ കണക്കാണ് കുന്നമംഗലത്ത് വീട്ടിയത്. മുസാഫിർ എഫ് സിക്കു വേണ്ടി ആൽബർട്ടാണ് രണ്ടു ഗോളുകളും സ്കോർ ചെയ്തത്. ഇത് ഉഷാ എഫ് സിയുടെ വിജയമില്ലാത്ത തുടർച്ചയായ ഏഴാം മത്സരമാണ്.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസ് ഉദ്ഘാടന മത്സരത്തിൽ ചിബോയും ഒലീവയും നേടിയ ഗോളിലൂടെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ എ വൈ സി ഉച്ചാരക്കടവിനെ വൻ തിരിച്ചുവരവിലൂടെ റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് കീഴ്പ്പെടുത്തി. 3-2 എന്ന സ്കോറിനായിരുന്നു ബ്ലേക്ക് & വൈറ്റിന്റെ‌ വിജയം. ഇതു രണ്ടാം തവണയാണ് എ വൈ സി ഉച്ചാരക്കടവ് ബ്ലേക്ക് & വൈറ്റിന്റെ കൈയ്യിൽ നിന്നു തോൽവി ഏറ്റുവാങ്ങുന്നത്. മങ്കടയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഉച്ചാരക്കടവിനെ ബ്ലേക്ക് & വൈറ്റ് പരാജയപ്പെടുത്തിയിരുന്നു. വണ്ടൂർ ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിനെ കീഴടക്കി. ഫ്രണ്ട്സ് മമ്പാടിന്റെ സീസണിൽ ആകെ കളിച്ച അഞ്ചു മത്സരങ്ങളിലെ നാലാം പരാജയമാണിത്.

ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടു തവണ പിറകിൽ നിന്ന ശേഷം തിരികെ വന്നു വിജയിച്ച് ജവഹർ മാവൂർ കരുത്തറിയിച്ചു.4-3 എന്ന സ്കോറിനായിരുന്നു ജവഹർ മാവൂരിന്റെ‌ വിജയം. കണിമംഗലം സെവൻസിൽ രണ്ടാം ദിവസം മെഡിഗാഡ് അരീക്കോട് ജയ എഫ് സിക്കെതിരെ വിജയിച്ചു കയറി. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. മെഡിഗാഡിനു വേണ്ടി ബ്രൂസും പ്രവീണും വലകിലുക്കി. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ഇന്നലെ എഡ്വാർഡ് മെമ്മോറിയൽ എഫ് സി പെരിന്തൽമണ്ണയെ ഏകപക്ഷീയമായ ഒരു ഗോളിന് ടോപ്പ് മോസ്റ്റ് തലശ്ശേരി പരാജയപ്പെടുത്തി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal