ജയ തൃശ്ശൂരിനെ തച്ചുതകർത്ത് ഫിഫാ മഞ്ചേരി

- Advertisement -

ഫിഫാ മഞ്ചേരിയും ജയ എഫ് സി തൃശ്ശൂരും ഏറ്റുമുട്ടിയ വരന്തരപ്പിള്ളി മൈതാനത്തിൽ ഫിഫയുടെ താണ്ഡവം. ആറു ഗോളുകളാണ് ഫിഫാ മഞ്ചേരി ജയ എഫ് സി തൃശ്ശൂരിന്റെ വലയിൽ നിറച്ചത്. ജയ എഫ് സി ആയിരുന്നു ആദ്യ വരന്തരപ്പിള്ളിയിൽ ലീഡെടുത്തത്. അതിനു ശേഷം ജയ ചിത്രത്തിലേ ഉണ്ടായില്ല. ഫ്രാൻസിസാണ് ഫിഫാ മഞ്ചേരിയുടെ പ്രകടനത്തിന് ചുക്കാൻ പിടിച്ചത്. ഫ്രാൻസിസിന്റെ കൂടെ ഗോൾ പട്ടികയിൽ കുട്ടനും വഹീബുമൊക്കെ ഇടം പിടിച്ചു.

വളാഞ്ചേരിയിലും ഗോളിനു ഒട്ടും കുറവുണ്ടായില്ല. ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ഏറ്റുമുട്ടിയപ്പോൾ പിറന്നത് എട്ടു ഗോളുകൾ. മദീനയ്ക്ക് 5-3ന്റെ വിജയം. ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടായിരുന്നു ഗോൾ നേടിക്കൊണ്ട് വളാഞ്ചേരിയിൽ തുടങ്ങിയത്. പക്ഷെ പിന്നീടങ്ങോട്ട് അൽ മദീന കത്തിക്കയറി. പൊരുതിയെങ്കിലും ഒരിക്കൽ പോലും മദീനയുടെ ഒപ്പം എത്താൻ ലിൻഷയ്ക്കായില്ല. ആൽബർട്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ സഫീറും, ഡിമറിയയും അനുകുട്ടനും മദീനയ്ക്കു വേണ്ടി ബാക്കി ഗോളുകൾ നേടി. ഇത് അഞ്ചാം തവണയാണ് ലിൻഷ മദീനയുടെ കയ്യിൽ നിന്ന് ഈ സീസണിൽ പരാജയം ഏറ്റു വാങ്ങുന്നത്.

Advertisement