പൊന്നാനിയിൽ സൂപ്പർ സ്റ്റുഡിയോ നാണംകെട്ട് പുറത്ത്, എഫ് സി തിരുവനന്തപുരത്തിന് അട്ടിമറിജയം

- Advertisement -

അഖിലേന്ത്യാ സെവൻസ് 2016/17 സീസണിൽ വിജയമെന്തെന്നറിയാത്ത ഒരു ടീമായി തുടർന്നിരുന്ന എഫ് സി തിരുവനന്തപുരം സെവൻസ് ഫുട്ബോൾ പ്രേമികളെ മുഴുവനും അത്ഭുപ്പെടുത്തികൊണ്ട് പൊന്നാനിയിൽ ചരിത്രം കുറിച്ചു. മലപ്പുറത്തിന്റെ മഞ്ഞപ്പടയായി സീസണിൽ കുതിക്കുകയായിരുന്ന അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തികൊണ്ട് തങ്ങളുടെ സീസണിലെ ആദ്യ വിജയം എഫ് സി തിരുവനന്തപുരം കുറിച്ചു. അവസാന നാലു മത്സരങ്ങളിൽ മൂന്നാമത്തെ പരാജയമാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനിത്. നാളെ പൊന്നാനിയിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ എഫ് സി തിരുവനന്തപുരത്തെ നേരിടും.
കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ ആറു ഗോളുകൾ ഇന്ന് പിറന്നെങ്കിലും കളിയിലെ വിജയികളെ തീരുമാനിക്കാൻ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു. മെഡിഗാഡ് അരീക്കോടും ഷൂട്ടേഴ്സ് പടന്നയും ഒപ്പത്തിനൊപ്പം ഗോളടിച്ച് മുന്നേറിയ മത്സരം നിശ്ചിത സമയത്ത് അവസാനിച്ചത് 3-3 എന്ന നിലയിലായിരുന്നു. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 5-4ന് ഷൂട്ടേഴ്സ് പടന്ന വിജയിച്ചു. നാളെ കാഞ്ഞങ്ങാട് ടൗൺ ടീം അരീക്കോടും അൽ മദീന ചെർപ്പുള്ളശ്ശേരിയും തമ്മിലാണ് മത്സരം.

തളിപ്പറമ്പിലും ഇന്ന് ഷൂട്ടേഴ്സ് പടന്ന വിജയിച്ചു കയറി. അൽ ശബാബ് തൃപ്പനച്ചിയെ നേരിട്ട ഷൂട്ടേഴ്സ് പടന്ന ഘാന താരം ജോൺസ് 27ാം മിനുട്ടിൽ നേടിയ ഏക ഗോളിന്റെ ബലത്തിലാണ് വിജയിച്ചത്. ജയത്തോടെ തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസ് സെമി ഫൈനലിലേക്ക് ഷൂട്ടേഴ്സ് പടന്ന കയറി. നാളെ തളിപ്പറമ്പിൽ ആദ്യ സെമി ഫൈനലിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ലക്കി സോക്കർ ആലുവയെ നേരിടും.

മമ്പാട് അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോടിന് ഏകപക്ഷീയമായ വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ് സി കൊണ്ടോട്ടിയെ ടൗൺ ടീം അരീക്കോട് ഇന്ന് പരാജയപ്പെടുത്തിയത്. നാളെ മമ്പാട് എ വൈ സി ഉച്ചാരക്കടവ് ജിയോണി മൊബൈൽ ഉഷാ എഫ് സിയുമായി ഏറ്റുമുട്ടും

മമ്പാടെ വിജയം ടൗൺ ടീം അരീക്കോടിന് പറപൂരിൽ ഉണ്ടായില്ല. അവിടെ ജയ എഫ് സി തൃശ്ശൂരിനെ നേരിട്ട ടൗൺ ടീം എതിരില്ലാത്ത മൂന്നു ഗോളുകളുടെ കനത്ത പരാജയമാണ് ഏറ്റു വാങ്ങേണ്ടി വന്നത്. അവസാന നാലു മത്സരങ്ങളിൽ നിന്നുള്ള ജയ എഫ് സിയുടെ ആദ്യ വിജയമായിരുന്നു ഇത്. നാളെ പറപ്പൂരിൽ മെഡിഗാഡ് അരീക്കോടും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും തമ്മിലാണ് പോര്.

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് എഫ് സി കുപ്പൂത്തിനെ ഹണ്ടേഴ്സ് കൂത്തുപറമ്പ് പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഹണ്ടേഴ്സ് കൂത്തുപറമ്പിന്റെ വിജയം. ഹണ്ടേഴ്സിന്റെ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ഹണ്ടേഴ്സിനു വേണ്ടി ഇന്ന് ഐ എം വിജയൻ കളത്തിലിറങ്ങിയിരുന്നു. നാളെ ചാലിശ്ശേരിയിൽ മെഡിഗാഡ് അരീക്കോടും എ വൈ സി ഉച്ചാരക്കടവും ഇറങ്ങും.

Advertisement