കാളിക്കാവിനേയും തൃക്കരിപ്പൂരിനേയും തകർത്ത് എഫ് സി പെരിന്തൽമണ്ണയുടെ തേരോട്ടം

- Advertisement -

എഫ് സി പെരിന്തൽമണ്ണ സീസൺ ചൂടു പിടിച്ചപ്പോൾ മുഴുവൻ ഊർജ്ജവുമായി കുതിക്കുകയാണ്. ഉസോ വന്നതിനു ശേഷം സെവൻസിലെ ശ്വാസം വീണ്ടു കിട്ടിയ പെരിന്തൽമണ്ണ ഇന്നലെ വീഴ്ത്തിയത് രണ്ടു വമ്പന്മാരെ അതും ഏകപക്ഷീയമായി. പാലത്തിങ്ങലിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് എതിരായി വന്ന മത്സരത്തിൽ പെരിന്തൽമണ്ണ വിജയിച്ചത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്.

പാലത്തിങ്ങൽ അടിച്ചത് നാലു ഗോളുകളാണെങ്കിൽ ചെമ്മാണിയോട് എഫ് സി പെരിന്തൽമണ്ണ അടിച്ചത് ആറു ഗോളുകളാണ്. എഫ് സി തൃക്കരിപ്പൂർ ആയിരുന്നു എതിര്. രണ്ടിനെതിരെ ആറു ഗോളുകൾക്ക് അവിടെ വിജയിച്ച് പെരിന്തൽമണ്ണ അടുത്ത റൗണ്ടിലേക്ക് കടന്നു.

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനോട് പരാജയപ്പെട്ടു. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ശാസ്തയുടെ വിജയം. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിലായിരുന്നു മത്സരം. ചാലിശ്ശേരിയിൽ ഇന്ന് ഫിഫ മഞ്ചേരി കെ ആർ എസ് കോഴിക്കോടിനെ നേരിടും.

മമ്പാട് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെടുത്തി. പൊന്നാനിയിൽ എഫ് സി കൊണ്ടോട്ടിയെ സ്കൈ ബ്ലൂ എടപ്പാൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു.

Advertisement