ഫ്രീകിക്കിൽ എറിക് വിസ്മയം, ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം

- Advertisement -

കൊണ്ടോട്ടിയുടെ മണ്ണിൽ എറിക് പഴയ എറിക്കായി, ഫിഫാ മഞ്ചേരിയെ ഒറ്റയ്ക്ക് തോളിലേറ്റി ഗംഭീര വിജയത്തിലേക്ക് എറിക് കൊണ്ടു പോയി. ജവഹർ മാവൂരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയപ്പോൾ ഫിഫയുടെ മൂന്നു ഗോളും പിറന്നത് എറികിന്റെ കാലിൽ നിന്ന്. അതിൽ രണ്ടും എണ്ണം പറഞ്ഞ ഫ്രീകിക്കുകൾ. ജവഹർ മാവൂർ ആദ്യം മുതൽ അവസാനം വരെ പൊരുതിയെങ്കിലും എറികിനെ പോലെയൊരു ഫിനിഷർ മാവൂരിനുണ്ടായിരുന്നില്ല. എറിക് രണ്ടു ഫ്രീകിക്കുകൾ വലയിൽ എത്തിച്ചപ്പോൾ മറ്റൊരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി നിർഭാഗ്യം കൊണ്ട് മടങ്ങുകയുമുണ്ടായി.

വളാഞ്ചേരിയിൽ നടന്ന ഏഴു ഗോൾ ത്രില്ലറിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തകർത്തു തരിപ്പണമാക്കി. ഏഴു ഗോളുകളിൽ അഞ്ചും കാളിക്കാവിന്റെ വലയിലായിരുന്നു വീണത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് നേടിയ വിജയം അവസാന എട്ടു മത്സരങ്ങളിൽ നിന്നുള്ള ലിൻഷയുടെ ആദ്യ വിജയമാണ്. അവസാന തവണ കാളിക്കാവുമായി എടത്തനാട്ടുകരയിൽ ഏറ്റുമുട്ടിയപ്പോൾ 4-1 എന്ന സ്കോറിന് കാളിക്കാവിനെ ലിൻഷ പരാജയപ്പെടുത്തിയിരുന്നു.

വരാന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസിന്റെ ആദ്യ ദിവസത്തെ മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ശാസ്താ മെഡിക്കൽസിന്റെ ജയം. മുണ്ടൂരിൽ സ്കൈ ബ്ലൂവിനോടേറ്റ പരാജയത്തിന് ശാസ്ത ഇതോടെ കണക്കുപറഞ്ഞു.

Advertisement