സൂപ്പറിനെ തോൽപ്പിച്ച് ഫിഫാ മഞ്ചേരി, ഇനി എൽ ക്ലാസിക്കോ ഫൈനൽ

- Advertisement -

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്ന് ഫിഫാ മഞ്ചേരി ഫൈനലിൽ. ഫൈനലിൽ ഫിഫായെ കാത്തു നിൽക്കുന്നത് വേറാരുമല്ല മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ ആണ്.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ആദ്യ പാദ സെമിയിൽ പരാജയപ്പെട്ട ഫിഫാ മഞ്ചേരിക്ക് ഇന്ന് സൂപ്പറിനെ പരാജയപ്പെടുത്തിയേ മതിയാകുമായിരുന്നു. അത് ഫിഫാ മഞ്ചേരിക്കും ഓർമ്മയുണ്ടായിരുന്നു. കളി തുടങ്ങിയ ആദ്യ നിമിഷത്തിൽ തന്നെ കുട്ടനിലൂടെ ലക്ഷ്യം കണ്ട് ഫിഫാ മഞ്ചേരി ലീഡെടുത്തു. ആ ഒരൊറ്റ ഗോളിന്റെ ലീഡ് നിലനിർത്തി ഫിഫാ മഞ്ചേരി നിശ്ചിത സമയത്ത് വിജയം കൈക്കലാക്കി.

രണ്ട് പാദങ്ങളിൽ ഓരോ പാദം ഇരു ടീമുകളും ജയിച്ചതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. വിജയികളെ കണ്ടെത്താൻ പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാൾട്ടി തുടർച്ചയായ രണ്ടാം ദിവസവും സൂപ്പറിനെ ചതിച്ചു. ആദ്യ കിക്കിൽ സലാമിനെ മറികടക്കാൻ സൂപ്പറിനായില്ല. പെനാൾട്ടിയിൽ 5-4ന് ഫിഫാ മഞ്ചേരിക്ക് വിജയം. ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയാണ് ഫിഫയെ കാത്തു നിൽക്കുന്നത്.

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി എ വൈ സി ഉച്ചാരക്കടവിനെ സെമിയിൽ പരാജയപ്പെടുത്തിയാണ് എടത്തനാട്ടുകരയിൽ ഫൈനലിലെത്തിയത്.  ആദ്യ പാദത്തിൽ എ വൈ സിയോടു പരാജയപെട്ടിട്ടും തളരാത രണ്ടാം പാദത്തിൽ അൽ മദീന ചെർപ്പുളശ്ശേരി തിരിച്ചു വരികയായിരുന്നു. അൽ മദീന ചെർപ്പുളശ്ശേരിക്ക് ഇത് സീസണിലെ ഏഴാം ഫൈനലാണ്. ഇതുവരെ കളിച്ച ആറു ഫൈനലുകളിൽ അഞ്ചും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി വിജയിച്ച് കപ്പുയർത്തിയിരുന്നു.

അഞ്ച് തവണയാണ് ഫിഫാ മഞ്ചേരിയും അൽ മദീന ചെർപ്പുളശ്ശേരിയും സീസണിൽ കണ്ടുമുട്ടിയത്. അഞ്ചു തവണയും അൽ മദീനയ്ക്കു മുന്നിൽ ഫിഫയ്ക്ക് പിഴച്ചു. ഒരു തവണപോലും അൽ മദീന ചെർപ്പുളശ്ശേരിയെ പരാജയപ്പെടുത്താൻ ഫിഫാ മഞ്ചേരിക്കായില്ല. ഒരു സമനിലയും നാലു തോൽവിയുമാണ് ഫിഫാ മഞ്ചേരിക്ക് മദീനക്കെതിരെ ഇതുവരെയുള്ള സമ്പാദ്യം. ആറാം തവണയെങ്കിലും ഫിഫാ മഞ്ചേരിക്ക് അൽ മദീനയെ കീഴടക്കാൻ കഴുയുമോ അതോ സീസണിലെ ആറാം കിരീടം ചെർപ്പുളശ്ശേരിയിലേൽക് പോകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement