മരണപോരാട്ടം രണ്ട്, മുസാഫിർ എഫ് സി ഇറങ്ങുന്നു

മുസാഫിർ എഫ് സി അൽ മദീനയ്ക്കിന്ന് ഒന്നല്ല രണ്ടു മരണപോരാട്ടങ്ങളാണ്. ഒന്ന് വണ്ടൂരിന്റെ മണ്ണിലും ഒന്ന് എടക്കരയുടെ മണ്ണിലും. രണ്ടു സെമി പോരാട്ടങ്ങൾ രണ്ടിലും ആദ്യ പാദത്തിൽ അൽ മദീന പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം വണ്ടൂർ അഖിലേന്ത്യാ സെവൻസിലാണ് ഹയർ സബാൻ കോട്ടക്കൽ കോട്ടക്കലിനെതിരെ. ആദ്യ പാദ സെമിയിൽ ഹയർ സബാൻ കോട്ടക്കൽ കെൽവിൻ നേടിയ ഏക ഗോളിന്റെ ബലത്തിൽ മുസാഫിർ എഫ് സിയെ കീഴടക്കിയിരുന്നു. ഇന്നു ഒരു സമനില മതി സീസണിലെ ആദ്യ ഫൈനൽ എന്ന സ്വപ്നത്തിൽ ഹയർ സബാൻ കോട്ടക്കലിന് എത്താൻ. രാത്രി കൃത്യം എട്ടുമണിക്ക് വണ്ടൂർ അഖിലേന്ത്യാ സെവൻസിലെ സെമിഫൈനൽ നടക്കും.


രണ്ടാം സെമി നടക്കുന്നത് എടക്കര പാലാട് അഖിലേന്ത്യാ സെവൻസിലാണ്. വണ്ടൂരിലെ മത്സരം കഴിഞ്ഞ ക്ഷീണത്തിലെത്തുന്ന മുസാഫിർ എഫ് സി അൽ മദീനയെ അവിടെ കാത്തു നിൽക്കുന്നത് അൽ ശബാബ് ത്രിപ്പനച്ചിയാണ്. ആദ്യ പാദ സെമിയിൽ എടക്കരയിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് പരാജയമായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന്. വണ്ടൂരിലെന്നതു പോലെ എടക്കരയിലും അൽ മദീനക്ക് വിജയിച്ചേ തീരൂ കളി എക്സ്ട്രാ ടൈമിലേക്കെങ്കിലും എത്തിക്കാൻ. വളരെ വൈകി നടക്കാൻ പോകുന്ന മത്സരത്തിൽ അൽ മദീനയെ തടയാൻ കഴിഞ്ഞാൽ അൽ ശബാബ് ത്രിപ്പനച്ചിക്ക് അത് ആദ്യ ഫൈനൽ പ്രവേശനമാകും നൽകുക.

ബേക്കലിലും ഇന്ന് സെമി പോരാട്ടമാണ്. രണ്ടാം സെമിയിൽ ഇറങ്ങുന്ന ജവഹർ മാവൂരും കാപ്രീസ് ഷൂട്ടേർസ് പടന്നയുമാണ്. എ വൈ സി ഉച്ചാരക്കടവിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഷൂട്ടേർസ് പടന്ന സെമിയിലെത്തിയത്. വിഗൻസ് മോഗ്രാൽ പുത്തൂരിനെ പരാജയപ്പെടുത്തിയായിരുന്നു ജവഹറിന്റെ സെമി പ്രവേശനം. ഇരുടീമുകളും സീസണിൽ ഇതുവരെ ഫൈനൽ കണ്ടിട്ടില്ല.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം അഭിലാഷ് കുപ്പൂത്തിനെ നേരിടും. ഇരുവരും ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോൾ ജയം സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനായിരുന്നു. മണ്ണാർക്കാടിൽ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. എടപ്പാളിൽ മത്സരം കെ ആർ എസ് കോഴിക്കോടും എഫ് സി തിരുവനന്തപുരവും തമ്മിലാണ്‌. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ഏറ്റുമുട്ടും.

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും എഫ് സി തൃക്കരിപ്പൂരും തമ്മിലാണ് മത്സരം. എഫ് സി തൃക്കരിപ്പൂരിനു വേണ്ടി അവസാന കളിയിൽ പട്ടാമ്പിയുടെ മണ്ണിൽ അത്ഭുത ഗോൾ നേടിയ സൂപ്പർ താരം റാഫി ബ്ലാക്കിനെതിരെയും ഇറങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal