ആരാധകർക്കു നന്ദി പറഞ്ഞ് നീലപ്പടയുടെ ഡി മറിയയും നാട്ടിലേക്ക് പറന്നു

ആൽബർട്ട് – ഡി മറിയ സഖ്യം ഇനി ഈ സീസണിൽ ഇല്ല എന്നത് കഴിഞ്ഞ ദിവസം ആൽബർട്ട് മടങ്ങിയതോടെ ഉറപ്പായിരുന്നു. നീല കുപ്പായത്തിൽ ആൽബർട്ടിനു പിറകെ എപ്പോഴും ഉണ്ടായിരുന്ന ഡി മറിയ നാട്ടിലേക്കുള്ള യാത്രയിലും ആൽബർട്ടിനെ പിന്തുടരുകയാണ്. ആൽബർട്ട് മടങ്ങി രണ്ടാം ദിവസം ഡി മറിയയും ഈ സീസൺ അവസാനിപ്പിച്ച് മടങ്ങുകയാണ്.

സീസണിൽ ഒമ്പതു കിരീടങ്ങളുമായി കുതിക്കുന്ന മദീനയുടെ ചുക്കാൻ പിടിച്ചത് ആൽബർട്ട് ആയിരുന്നെങ്കിലും ആൽബർട്ട് അടിച്ച ഗോളുകളിൽ പാതിയും ഡി മറിയയുടെ തലയിൽ പിറന്ന മികച്ച നീക്കങ്ങളുടെ ഫലമായിരുന്നു. ആൽബർട്ട് ടീമിലുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഡി മറിയയുടെ തിളക്കത്തിനെ അധികമാരും അറിയാതെ പോയത്. സീസണിൽ 58 ഗോളുകൾ മദീനയ്ക്കു വേണ്ടി നേടിയിട്ടുള്ള ഡി മറിയ മദീനയിൽ ആൽബർട്ടിനു പിറകിലാണെങ്കിലും സെവൻസ് സീസണിൽ ബൂട്ടു കെട്ടിയ മൊത്തം വിദേശികളേയും എടുത്താൽ ആൽബർട്ട് അല്ലാതെ ആരെങ്കിലും ഡി മറിയയ്ക്കു മുന്നിൽ ഉണ്ടാകുമോ എന്നു സംശയമാണ്.

നേടിയത് 58 ഗോളുകൾ ആണെങ്കിലും ഡി മറിയ ഒരുക്കിയ അവസരങ്ങൾ നേടിയ അസിസ്റ്റുകളും സെഞ്ച്വറിയോടടുത്തുണ്ടാകും. മുണ്ടൂരിലും കുന്ദമംഗലത്തും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡു നേടിയിട്ടുള്ള ഡി മറിയ തൃക്കരിപ്പൂരിൽ മദീന കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച ഫോർവേഡുമായി.

അവസാനം ഇന്നലെ കൊടുവള്ളിയിൽ ക്വാർട്ടർ പോരാട്ടത്തിനു ഇറങ്ങിയപ്പോഴും ഡി മറിയ തന്നെ ആയിരുന്നു താരം. ഉഷാ എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിൽ ഗോൾ കണ്ടെത്തിയില്ലെങ്കിലും ഉഷയ്ക്കെതിരെ കൊടുവള്ളി മൈതാനിയിൽ പന്തുകൊണ്ട് ചിത്രം വരച്ചായിരുന്നു ഡി മറിയ മടങ്ങിയത്. ഇനി അടുത്ത സീസണായി കാത്തിരിക്കണം ഡി മറിയ ബ്രില്ല്യൻസിനു സാക്ഷിയാകാൻ.