ഡി മറിയ എത്തും, വീണ്ടും അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ആക്രമണം നയിക്കാൻ

- Advertisement -

കഴിഞ്ഞ സീസണിൽ സെവൻസ് മൈതാനങ്ങൾ കീഴടക്കി മുന്നേറിയ അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ മുന്നേറ്റനിര ആരെയും ഭയപ്പെടുത്തിയിരുന്നു. എതിരാളികളുടെ പേടി സ്വപ്നമായ എല്ലാ ഡിഫൻസിനേയും കീറി മുറിച്ച ആൽബർട്ട്-ഡി മറിയ ഫോർവേഡ് ലൈൻ. ആൽബർട്ട് ഗോളടിക്കാനാണെങ്കിൽ ഡി മറിയ ഗോളടിക്കാനും അവസരം ഒരുക്കാനും ഒരുപോലെ കഴിഞ്ഞ സീസണിൽ തിളങ്ങിയിരുന്നു. ആ ഡിമറിയ ഇത്തവണയും അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ജേഴ്സിയിൽ തന്നെ കളിക്കും എന്ന് ഉറപ്പായി.

കഴിഞ്ഞ സീസണിൽ അൽ മദീന ചെർപ്പുള്ളശ്ശേരി നേടിയ കിരീടങ്ങൾ 14. അതിലെ ഡിമറിയയുടെ പങ്ക് വലുതാണ്. 99 ഗോളുകൾ അടിച്ച ആൽബർട്ട് ആയിരുന്നു ഗോൾ വേട്ടയിൽ മുന്നിൽ എന്നാൽ ആൽബർട്ട് അടിച്ച ഗോളുകളിൽ പാതിയും ഡി മറിയയുടെ കാലുകളിൽ പിറന്ന മികച്ച നീക്കങ്ങളുടെ ഫലമായിരുന്നു. കഴിഞ്ഞ സീസണിൽ 58 ഓളം ഗോളുകൾ മദീനയ്ക്കു വേണ്ടി ഡി മറിയ നേടിയിട്ടുണ്ട്.

നേടിയത് 58 ഗോളുകൾ ആണെങ്കിലും ഡി മറിയ ഒരുക്കിയ അവസരങ്ങളും നേടിയ അസിസ്റ്റുകളും സെഞ്ച്വറിയോടടുത്തുണ്ടാകും. മുണ്ടൂരിലും കുന്ദമംഗലത്തും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡു നേടിയിട്ടുള്ള ഡി മറിയ തൃക്കരിപ്പൂരിൽ മദീന കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച ഫോർവേഡുമായി. വരുന്ന സീസണിലും അൽ മദീന ചെർപ്പുള്ളശ്ശേരിയെ രാജാക്കന്മാരായി നിർത്താൻ പോകുന്ന പ്രകടനം ഡി മറിയയുടെ ബൂട്ടിൽ നിന്ന് ഉണ്ടാകുമെന്നാണ് മദീന ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement