വിജയകുതിപ്പു തുടർന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ്

മാനേജർ സുഹൈലിന്റെ തന്ത്രങ്ങളുമായി ഇറങ്ങിയ കെ എഫ് സി കാളിക്കാവിനെ തളയ്ക്കാൻ ലിൻഷാ മെഡിക്കൽസിനും ആയില്ല. മങ്കടയിൽ ശക്തരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴ്പ്പെടുത്തി മങ്കട അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ബർത്ത് കെ എഫ് സി കാളിക്കാവ് ഉറപ്പിച്ചു.

picsart_11-20-09-15-32

സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും തികച്ചും ഏകപക്ഷീയമായി വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയായിരുന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് മങ്കടയിൽ ഇറങ്ങിയത്. മികച്ച ഫോമിലുള്ള മൂന്നേറ്റ നിരതാരങ്ങളായ ടൈറ്റസിലും ആൽഫ്രഡിലും വിശ്വാസമർപ്പിച്ചിറങ്ങിയ കെ എഫ് സി കാളിക്കാവിനെ പിടിച്ചുകെട്ടാൻ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനായില്ല. പതിമൂന്നാം മിനുട്ടിൽ ടൈറ്റസിന്റെ സുന്ദര ഫിനിഷിംഗിലൂടെ കെ എഫ് സി കാളിക്കാവ് മുന്നിലെത്തി. മികച്ച ഫോമിലുള്ള കബീറിന്റെ നേതൃത്വത്തിലുള്ള കെ എഫ് സി പ്രതിരോധം ഭേദിക്കാൻ ലിൻഷാ മെഡിക്കൽസ് പരാജയപ്പെട്ടപ്പോൾ ആദ്യ പകുതിക്കു മുന്നേ രണ്ടാം ഗോളും കൂടെ നേടി ടൈറ്റസ് കെ എഫ് സിയുടെ ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിയിൽ ഒരു ഗോൾ മടക്കിയ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടിന്റെ കളിയിലേക്ക് തിരിച്ചു വരാനുള്ള ശ്രമം തന്റെ ഹാട്രിക് പൂർത്തിയാക്കിയ ടൈറ്റസ് ഗോൾ അവസാനിപ്പിച്ചു. സീസണിൽ ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ഹാട്രിക് പിറക്കുന്നത്. ഈ ഹാട്രിക്കോടെ സീസണിൽ മൂന്നു കളികളിൽ നിന്ന് അഞ്ചു ഗോളുകളായി ടൈറ്റസിന്. ഉച്ചാരക്കടവിൽ നേടിയ വിവാദ വിജയത്തിന് തിളക്കം പോരാതിരുന്ന ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് ഈ പരാജയം വലിയ തിരിച്ചടിയാണ്. അവസാന മത്സരത്തിലെ ഹാട്രിക് താരം അബുലായ് മിന്നാത്തതാണ് ലിൻഷയെ വലച്ചത്.

ഇന്ന് മങ്കടയിൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി ബേസ് പെരുമ്പാവൂരിനെ നേരിടും. ടോപ്പ് മോസ്റ്റ് തലശ്ശേരിയെ കർക്കിടാംകുന്നിൽ പരാജയപ്പെടുത്തിയ ഊർജ്ജവുമായാകും അൽ മിൻഹാൽ വളാഞ്ചേരി ഇന്നെത്തുക. മിന്നുന്ന ഫോമിലുള്ള ഫോർച്ച്യൂണിനെ എങ്ങനെ ബേസ് പെരുമ്പാവൂർ പൂട്ടും എന്നാണ് സെവൻസ് പ്രേമികൾ ഉറ്റു നോക്കുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal