കൊണ്ടോട്ടിയിൽ സംഘർഷം, ലാത്തിചാർജ്! ഫിഫ-മെഡിഗാഡ് സെമി നടന്നില്ല

- Advertisement -

നിർഭാഗ്യകരം എന്നേ കൊണ്ടോട്ടിയിലെ ഇന്നത്തെ രാത്രിയെ കുറിച്ച് പറയാൻ പറ്റൂ. മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും തമ്മിലുള്ള രണ്ടാം സെമി കാണാൻ എത്തിയ വൻ ജനക്കൂട്ടത്തിൽ ചിലർ ഫുട്ബോളിനെ മറന്നപ്പോൾ കൊണ്ടോട്ടിയിൽ ഇത്ര ദിവസവും പന്തു തട്ടിയിരുന്ന മൈതാനം കലാപ ഭൂമിയായി. ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളിലൂടെ ആണ് കൊണ്ടോട്ടി മൈതാനം ഇന്നു കടന്നു പോയത്.

ജനതിരക്ക് പ്രതീക്ഷിച്ചതിലും കൂടുതലായതാണ് പ്രശ്നങ്ങൾ ആരംഭിക്കാനുള്ള കാരണം. തിരക്ക് കൂടിയതോടെ അഞ്ചു ടിക്കറ്റ് കൗണ്ടറുകളും കൊണ്ടോട്ടിയിൽ നിറഞ്ഞു. തിരക്കുകൂട്ടിയ ജനം ടിക്കറ്റ് കൗണ്ടർ തകർത്ത് ഗ്രൗണ്ടിലേക്ക് ഇരച്ചു കയറി. ടിക്കറ്റ് എടുക്കാതെ വലിയ തോതിൽ ആൾക്കാർ കയറിയപ്പോൾ ഗ്യാലറിയും ഗ്രൗണ്ടുമൊക്കെ കാണികളായി നിറഞ്ഞു. കാണികൾ കൂടിയതോടെ ഗ്യാലറി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു. അതോടെ സ്ഥിതി നിയന്ത്രണം പൂർണ്ണമായും വിട്ടുപോയി. സംഘാടകർ ഗ്രൗണ്ട് വിടുക കൂടി ചെയ്തതോടെ മൈക്കും അനൗൺസ്മെന്റുമൊക്കെ ജനക്കൂട്ടം ഏറ്റെടുത്തു.

താമസിയാതെ ഗ്രൗണ്ടും കയ്യേറിയ ജനകൂട്ടം ഗോൾ പോസ്റ്റും മറ്റും തകർക്കുകയും ചെയ്തു. കളി കാണാനുള്ള ആഗ്രഹവുമായി എത്തിയ നിരവധി ഫുട്ബോൾ പ്രേമികളെയാണ് കുറച്ചുപേരുടെ അതിരുവിട്ട പ്രയോഗങ്ങൾ നിരാശയിലാക്കിയത്. താനൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതു കൊണ്ട് കൂടുതൽ പോലീസിനെ എത്തിക്കാൻ കഴിയാത്തതും ഈ പ്രശനങ്ങൾ വഷളാകാൻ കാരണമായി. അവസാനം അല്പം വൈകിയാണെങ്കിൽ പോലീസ് എത്തി ലാത്തി ചാർജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുജയായിരുന്നു.

ഫിഫയും മെഡിഗാഡും തമ്മിലുള്ള രണ്ടാം പാദ സെമി ഇനി എന്നു നടക്കുമെന്ന് കമ്മിറ്റി അറിയിച്ചിട്ടില്ല. ഇന്നത്തെ വിജയികളും ആദ്യ സെമിയിലെ വിജയിയായ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിൽ നാളെ ഫൈനൽ നടക്കേണ്ടതായിരുന്നു.

Advertisement