മാവൂരിൽ മത്സരം വിവാദം; സെമിയിൽ ആരെന്നറിയാൻ കാത്തിരിക്കണം

നാടകീയത സെവൻസ് ഫുട്ബോളിനെ വിട്ടു പോകുന്നില്ല. വിവാദങ്ങൾ ഒഴിയുന്നില്ല. ഇന്ന് വിവാദ വേദി മാവൂർ ആയിരുന്നു. പതിനൊന്നു കളി തുടർച്ചയായി ജയിച്ചു റെക്കോർഡ് ഇട്ടു മാവൂരിലേക്കു വന്ന അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോയും അവരെ അവസാനമായി തോൽപ്പിച്ച മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിൽ മികച്ചൊരു മത്സരം പ്രതീക്ഷിച്ചെത്തിയ ആയിരകണക്കിന് ആരാധകർക്ക് കാണാൻ കഴിഞ്ഞത് മോശം റഫറിയിംഗും സംഘർഷവും.

കളി തുടങ്ങി പതിമൂന്നാം മിനുട്ടിൽ ഇർഷാദിന്റെ‌ ബോക്സിനു പുറത്തു നിന്നുള്ള ഷോട്ട് സൂപ്പറിന് ലീഡ് നേടി കൊടുത്തപ്പോൾ എല്ലാവരും സൂപ്പറിന്റെ 12ാം ജയമാണെന്നു കരുതി. പക്ഷെ ഡി മറിയയുടെ‌ മുന്നിൽ സൂപ്പർ പതറി. തുടർച്ചയായ മൂന്നാം മത്സരത്തിലും ഡി മറിയയ്ക്കു ഇരട്ട ഗോൾ. ഡി മറിയയുടെ സമനില ഗോൾ പിറന്നപ്പോൾ തന്നെ വിറച്ച സൂപ്പർ രണ്ടാം ഗോളോടെ കളി കൈവിടുമെന്നു തോന്നിച്ചു. ഡി മറിയയുടെ രണ്ടാം ഗോൾ ഓഫ് സൈഡ് ആയിരുന്നു എന്നതിനെ തുടന്ന് കളിയിൽ ആദ്യ സംഘർഷം ഉണ്ടാവുകയും കളി കുറച്ച് സമയം നിർത്തി വെക്കുകയും ചെയ്തു.

ഗോൾ അനുവദിച്ച് കളി തുടരുമ്പോൾ നാലു മിനുട്ട് മാത്രം ബാക്കി. അവസാന നിമിഷത്തിൽ ബോക്സിനു പുറത്തു നിന്നുള്ള ഫൗളിന് സൂപ്പറിന് അനുകൂലമായി പെനാൾട്ടി വിധിച്ച് റെഫറിയുടെ രണ്ടാം വിവാദ തീരുമാനം. തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഗ്രൗണ്ടിലേക്കിറങ്ങിയ അൽ മദീന മാനേജർ ആസിഫിനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായത് മാവൂരിനെ ഇളക്കി. കളി പുനരാരംഭിച്ച് പെനാൾട്ടിയിലൂടെ  സൂപ്പർ സമനില നേടിയെങ്കിലും മോശം റഫറിയിംഗിൽ പ്രതിഷേധിച്ച് കളി തുടരാൻ അൽ മദീന തയ്യാറായില്ല.

മാവൂർ കമ്മിറ്റി കൂടിയകൂടിയാലോചിച്ച് മത്സരം മറ്റൊരു ദിവസം നടത്തുകയോ വിജയികളെ കണ്ടെത്തുകയോ ചെയ്യും എന്നാണ് അന്തിമ തീരുമാനം. ഇന്നത്തെ ദിവസം മത്സരത്തിനെത്തിയ കാണികൾക്ക് അടുത്ത മത്സരം സൗജന്യാമയി കാണാൻ അവസരമൊരുക്കും എന്നും കമ്മിറ്റി അറിയിച്ചു.

അമ്പയറിംഗ് പിഴവിന് അന്തിമമായി ടീമുകളും മാനേജർമാരും ബലിയാടുകൾ ആകുന്നത് അഖിലേന്ത്യാ സെവൻസിൽ സ്ഥിരം കാഴ്ചയായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച എടപ്പാളിൽ സമാന സംഭവത്തിന് കളിക്കാതെ കയറിപ്പോയ കെ എഫ് സി കാളിക്കാവിനെ സെവൻസ് ഫുട്ബോൾ അസോസിയേഷൻ മൂന്നു ടൂർണമെന്റിൽ വിലക്കുകയും പതിനായിരം രൂപ പിഴയിടുകയും ചെയ്തിരുന്നു. പുതിയ വിവാദത്തിൽ എസ് എഫ് എ എന്തു തീരുമാനം എടുക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ഇന്നത്തെ മറ്റു മത്സരങ്ങളിൽ മെഡിഗാഡ് അരീക്കോടിനെ എഫ് സി പെരിന്തൽമണ്ണ മഞ്ചേരിയിൽ പരാജയപ്പെടുത്തി. കുപ്പൂത്തിൽ ജയ തൃശ്ശൂർ 2-1 എന്ന സ്കോറിന് ഫിറ്റ് വെൽ കോഴിക്കോടിനേയും കീഴടക്കി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal