ബ്രദേഴ്സ് വൾവക്കാട്, തൃക്കരിപ്പൂരിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്

- Advertisement -

പണമെറിയാതെ വിദേശികളെ കുത്തിനിറക്കാതെ സെവൻസ് മൈതാനങ്ങളിൽ നിറഞ്ഞാടിയ ഒരു ടീമുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ബ്രദേഴ്സ് വൾവക്കാട്. അത്രയധികം സെവൻസ് മൈതാനങ്ങളിൽ തങ്ങൾക്ക് അവസരം കിട്ടാഞ്ഞിട്ടും സ്വന്തമായി ഒരു വിലാസം ബ്രദേഴ്സ് വൾവക്കാട് ക്ലബ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് അവരുടെ കളി മികവ് കൊണ്ട് മാത്രമാണ്.

2015 മുതൽ സെവൻസ് ലോകത്ത് സജീവമാണ് ബ്രദേഴ്സ് വൾവക്കാട്. ഈ കഴിഞ്ഞ വർഷവും ബ്രദേഴ്സ് വൾവക്കാട് സെവൻസ് മൈതാനങ്ങളിൽ ആരാധകരുടെ ആവേശമായി. കഴിഞ്ഞ എളമ്പച്ചി ടൂർണമെന്റിൽ ബ്രദേഴ്സ് വൾവക്കാടിന്റെ പേര് സെവൻസ് ലോകത്ത് കൊടുംകാറ്റു പോലെയാണ് അലയടിച്ചത്. എസ് എഫ് എ അംഗീകാരമുള്ള ടീമെല്ലാത്തതു കൊണ്ട് അധികം എസ് എഫ് എ ടൂർണമെന്റിൽ തിളങ്ങാൻ അവസരം കിട്ടാതിരുന്ന ബ്രദേഴ്സ് വൾവക്കാട് എളമ്പച്ചിയിൽ തങ്ങൾക്ക് കിട്ടിയ എൻട്രി രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ആദ്യ മത്സരത്തിൽ സെവൻസ് ലോകത്ത് കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ലക്കി സോക്കർ ആലുവയെ മലർത്തിയടിച്ച ബ്രദേഴ്സ് വൾവക്കാടിന് രണ്ടാം റൗണ്ടിൽ കിട്ടിയത് ശക്തരിൽ ശക്തരായ ഫിഫാ മഞ്ചേരിയെ.

ഒരൊറ്റ വിദേശതാരം പോലുമില്ലാതെ ഇറങ്ങി സെവൻസ് ലോകം ഭരിക്കുന്ന വമ്പന്മാരിൽ ഒരാളായ ഫിഫാ മഞ്ചേരിയെ തകർത്തെറിഞ്ഞ് ബ്രദേഴ്സ് വൾവക്കാട് എളമ്പിച്ചി സെമിയിലേക്ക് പ്രവേശിച്ചു. എളമ്പച്ചിയിൽ മാത്രമല്ല തൃക്കരിപ്പൂർ അഖിലേന്ത്യാ സെവൻസിലും മികച്ച പ്രകടനമാണ് ബ്രദേഴ്സ് വൾവക്കാട് നടത്തിയത്. സാക്ഷാൽ ഐ എം വിജയന്റെ ഉഷാ എഫ് സിയെ പരാജയപ്പെടുത്തി കൊണ്ട് തുടങ്ങിയ യാത്ര മെഡിഗാഡ് അരീക്കോടിനോട് നിർഭാഗ്യത്തിനേറ്റ തോൽവിയിലാണ് അവസാനിച്ചത്. തൃക്കരിപ്പൂർ ഗ്രൗണ്ടിൽ ടൂർണമെന്റിലെ മികച്ച ടീമായും ബ്രദേഴ്സ് വൾവക്കാടിനെ തിരഞ്ഞെടുത്തു.

 

മുണ്ടേരി സെവൻസ്, കരിവെള്ളൂർ ആനക്കൊമ്പ് സെവൻസ് ടൂർണമെന്റിലും കിരീടം നേടിയ വൾവക്കാട്, പ്രവാസി ഫുട്ബോൾ ടൂർണമെന്റിലും ബ്ലാക്ക് & വൈറ്റ് പൊറപ്പാട് സെവൻസിലും മികച്ച ടീമുമായി. പൊറപ്പാട് സെവൻസിൽ സെമി ഫൈനലിൽ പെനാൾട്ടിയാണ് വൾവക്കാടിന്റെ കുതിപ്പിന് വിരാമമിട്ടത്.

വൾവക്കാടിനും സമീപത്തുമുള്ള ഒമ്പതു പ്രാദേശിക താരങ്ങളാണ് ബ്രദേഴ്സ് വൾവക്കാടിനു കഴിഞ്ഞ് സീസണിൽ കരുത്തായത്. ഇപ്പോൾ ഗോകുലം എഫ് സിക്ക് കളിക്കുന്ന റിസ്വാൻ, മൊഹമ്മദെൻസ് കൊൽക്കത്ത താരമായ സജീർ, ഇപ്പോൾ ഡെൽഹി യുണൈറ്റഡിലേക്ക് സിലക്ഷൻ കിട്ടിയ ബിലാൽ, ജില്ലാ താരങ്ങളായ സാബിത്, സഫ്വാൻ, അണ്ടർ 20 ജില്ലാ ടീമിൽ അംഗങ്ങളായ സമീർ, അഫ്സൽ, ജൂനിയർ കേരളാ താരം സാഹിൽ, ഒപ്പം ജൂനിയർ ജില്ലാ താരം സർബാസും ആണ് കഴിഞ്ഞ സീസണിൽ ബ്രദേഴ്സ് വൾവക്കാടിന്റെ താരങ്ങളായി ശ്രദ്ധ നേടിയത്.

പുതിയ സീസണിൽ നാടൻ താരങ്ങൾക്ക് അവസരം കൊടുക്കുന്നതിനോടൊപ്പം ഉത്തര മലബാറിലെ പ്രധാന താരങ്ങളെ കൂടെ ടീമിലെത്തിക്കാൻ വൾവക്കാട് മാനേജ്മെന്റ് ശ്രമിക്കുന്നുണ്ട്. മാനേജറായി ഷാദുലിയും അസിസ്റ്റന്റ് മാനേജറായി ആദിലുമാണ് വൾവക്കാട് വിജയത്തിന്റെ കരുക്കൾ നീക്കിയത്. പുതിയ സീസണിൽ എസ് എഫ് എ അംഗീകാരം കിട്ടുന്ന പുതിയ ക്ലബുകളുടെ കൂട്ടത്തിൽ ബ്രദേഴ്സ് വൾവക്കാടും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അംഗീകാരം ലഭിച്ചാൽ ഇനി അഖിലേന്ത്യാ സെവൻസിൽ അങ്ങോളമിങ്ങോളം ബ്രദേഴ്സ് വൾവക്കാടിന്റെ ജേഴ്സിയിൽ യുവതാരങ്ങളുടെ മുന്നേറ്റങ്ങൾ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement