മെഡിഗാഡിന് ആദ്യ ഫൈനൽ പരാജയം, ബ്ലാക്കിന് മൂന്നാം കിരീടം

തളിപ്പറമ്പ് ഗൊനെക്സാ അഖിലേന്ത്യാ സെവൻസിന്റെ അവസാന രാവിൽ ഒരൊറ്റ കൊടിയേ പറന്നുള്ളൂ. കോഴിക്കോടിന്റെ കരുത്തരായ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റിന്റേത്. അരീക്കോടിന്റെ കരുത്തു പറഞ്ഞെത്തിയ മെഡിഗാഡിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്നു കൊണ്ട് സീസണിലെ മൂന്നാം കിരീടം.

ഇന്ന് ഗ്യാലറി നിറഞ്ഞൊഴുകിയ മത്സരത്തിൽ ബ്ലാക്ക് & വൈറ്റും മെഡിഗാഡ് അരീക്കോടും തുടക്കം മുതൽ ഒടുക്കം വരെ ഒപ്പത്തിനൊപ്പമായിരുന്നു, പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുന്നതു വരെ. സെമി ഫൈനലിലെ ഹാട്രിക്ക് ഹീറോ അഡബയോറും മെഡിഗാഡിന്റെ കരുത്തൻ മമ്മദിനുമൊന്നും തളിപ്പറമ്പിൽ ഇന്ന് ഗോൾ മുഖത്തേക്കടുക്കാൻ കഴിഞ്ഞില്ല. നിശ്ചിത സമയത്ത് ഗോൾ രഹിതമായി അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുകയായിരുന്നു. പെനാൾട്ടിയിൽ മെഡിഗാഡിന് ഒരു കിക്ക് പിഴച്ചു. 5-4ന് ബ്ലാക്കിന് വിജയവും കിരീടവും.

ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ സീസണിലെ മൂന്നാം കിരീടമാണിത്. കിരീട നേട്ടത്തിൽ ഇതോടെ ബ്ലാക്ക് മെഡിഗാഡിനും ഫിഫാ മഞ്ചേരിക്കും ഒപ്പമെത്തി. മെഡിഗാഡിന്റെ എല്ലാ ഫൈനലിൽമ് ജയിച്ചു എന്ന റെക്കോർഡും ഇതോടെ അവസാനിച്ചു. ഇന്നലെ കൊടുവള്ളി കൊയപ്പയിലും മെഡിഗാഡ് ബ്ലാക്കിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയിരുന്നു.

Previous articleതളിപ്പറമ്പിൽ ഇന്ന് ആവേശ ഫൈനൽ, കളിക്കുന്നവർക്ക് കിരീടം, കാണുന്നവർക്ക് ബൈക്ക്
Next articleക്രിസ് ലിന്നും ഗംഭീറും ഗുജറാത്തിനെ തകർത്തെറിഞ്ഞു, കൊൽക്കത്തക്കു പത്തു വിക്കറ്റിന്റെ ജയം