അഡബയോറും ആഷിഖ് ഉസ്മാനും മിന്നി, കൊയപ്പയിൽ ബ്ലാക്ക് സെമിയിൽ

0

കൊയപ്പ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് സെമി ഫൈനലിലേക്ക്. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ പരാജയപ്പെടുത്തിയാണ് ബ്ലാക്ക് കൊടുവള്ളിയുടെ മണ്ണിൽ സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വിജയം. അഡബയോറും ആഷിഖ് ഉസ്മാനും മികച്ച നിന്ന മത്സരത്തിൽ ഇരുവരും ഗോൾ കൊണ്ടും കൊടുവള്ളി ഗ്യാലറിയെ ആവേശത്തിലാക്കി. എഫ് സി പെരിന്തൽമണ്ണയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളെ ആകും ബ്ലാക്ക് സെമിയിൽ നേരിടുക.

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എഫ് സി ഗോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ വിജയം. മദീനയ്ക്കു വേണ്ടി മാക്സും സൽമാനും ഇരട്ട ഗോളുകൾ നേടി. ഇതോടെ മദീനയുമായി കളിച്ച രണ്ടു കളികളിൽ നിന്ന് എഫ് സി ഗോവ വാങ്ങി കൂട്ടിയത് പത്തു ഗോളുകളായി. ഇതിനു മുമ്പ് എഫ് സി ഗോവയുമായി മദീന ഏറ്റുമുട്ടിയപ്പോൾ 6-0ന്റെ വിജയം നേടിയിരുന്നു.

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിറ്റ് വെൽ കോഴിക്കോട് അൽ മിൻഹാൽ വളാഞ്ചേരിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ഇത്ര വലിയ വിജയത്തിലേക്ക് ഫിറ്റ് വെൽ കോഴിക്കോട് കുതിച്ചത്. പാലക്കാട് അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവും ടൗൺ ടീം അരീക്കോടും ഏറ്റുമുട്ടിയപ്പോൾ പെനാൾട്ടി ഷൂട്ടൗട്ടിൽ എ വൈ സി വിജയിച്ചു. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

ചാലിശ്ശേരിയിൽ ജിംഖാന തൃശ്ശൂർ ആദ്യം ലീഡെടുത്തു എങ്കിലും ഫിഫാ മഞ്ചേരിയെ കീഴടക്കി തങ്ങളുടെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കാൻ ജിംഖാന തൃശ്ശൂരിനായില്ല. മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫിഫാ മഞ്ചേരി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ചെമ്മാണിയോട് നടന്ന ആവേശ പോരാട്ടത്തിൽ ജിയോണി മൊബൈൽ ഉഷാ എഫ് സി എഫ് സി തിരുവനന്തപുരത്തിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ടു. തുടക്കത്തിൽ തന്നെ മൂന്നു ഗോളിനു മുന്നിലെത്തിയ ഉഷയ്ക്കെതിരെ ശക്തമായ തിരിച്ചുവരവാണ് തിരുവനന്തപുരം നടത്തിയത്. രണ്ടു ഗോളുകൾ മടക്കിയ തിരുവനന്തപുരത്തിന് പക്ഷെ സമനില ഗോൾ കണ്ടെത്താനായില്ല.

മറ്റു മത്സരങ്ങളിൽ പൊന്നാനിയിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ സ്കൈ ബ്ലൂ എടപ്പാൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ആലത്തൂരിൽ മെഡിഗാഡ് അരീക്കോട് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു. കൊളത്തൂരിൽ കെ ആർ എസ് കോഴിക്കോട് ലക്കി സോക്കറിനെ തോൽപ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു. ഒളവണ്ണയിൽ നടന്ന ഫ്രണ്ട്സ് മമ്പാട് ജവഹർ മാവൂർ പോരട്ടാം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.

Leave A Reply

Your email address will not be published.