ആമ്പല്ലൂരിൽ സെവൻസ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ!! ഷൂട്ടൗട്ടിൽ ശാസ്തയ്ക്ക് കിരീടം

സെവൻസ് ചരിത്രത്തിൽ ഇത്രയും ആവേശം നിറഞ്ഞ ഫൈനൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ആക്രമണ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യങ്ങളും കണ്ട ഒരു ഫുട്ബോൾ രാത്രി. രണ്ട് ടീമുകൾ, ആക്രമണമാണ് ഏറ്റവും മികച്ച് പ്രതിരോധം എന്നു കരുതി ഇറങ്ങിയ ലക്കി സോക്കർ ആലുവയും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും. അറുപതു മിനുട്ടുകൾക്കുള്ളിൽ പിറന്നത് 10 ഗോളുകൾ. ആർക്കും ആരെയും ഫൈനൽ വിസിൽ വന്നപ്പോഴും പിറകിൽ ആക്കാൻ കഴിഞ്ഞില്ല. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ കിരീടം കൊണ്ടു പോയി. പക്ഷെ രണ്ടു ടീമുകളും വിജയിച്ചു എന്നു തോന്നിക്കുന്ന മനോഹരമായ ഫുട്ബോളാണ് ആമ്പല്ലൂരിന് ഇന്ന് കാണാനായത്.

ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച് ശ്രദ്ധ നേടുന്ന, ഇപ്പോൾ മികച്ച ഫോമിലുള്ള ലക്കി സോക്കർ ആലുവ ഇറങ്ങുമ്പോൾ തന്നെ ഇന്ന് ഗോൾ മഴ ഉണ്ടാകും എന്നു സെവൻസ് പ്രേമികൾക്ക് അറിയാമായിരുന്നു. അവസാന ഏഴു കളികളിൽ നിന്ന് ലക്കി സോക്കർ ആലുവ അടിച്ച് കൂട്ടിയത് 30 ഗോളുകളാണ്.( ഇന്നത്തേത് കൂടെ കൂട്ടിയാൽ 8 കളികൾ 35 ഗോളുകൾ). പക്ഷെ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും ഒപ്പത്തിനൊപ്പം ഗോളടിച്ച് ഉയരുമെന്ന് ആരും കരുതിയില്ല.

കളി തുടങ്ങി ആദ്യ ലീഡെടുത്തത് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ആയിരുന്നു. കണ്ണ് അടച്ചു തുറക്കും മുന്നേ കുംസണിലൂടെ ലക്കി സോക്കർ ആലുവ സമനില നേടി. പിന്നെ കണ്ടത് ഗോള മഴ ആയിരുന്നു. ലക്കി സോക്കർ ആലുവ 2-1ന് മുന്നിലെത്തി. ഹാഫ് ടൈമിനു മുന്നേ ശാസ്ത ആ ലീഡ് മറിച്ച് 3-2ന് മുന്നിൽ. പിന്നീടങ്ങോട്ട് ശാസ്തയുടെ ലീഡ് എടുക്കലും ലക്കി സോക്കർ ആലുവയുടെ തിരിച്ചുവരവുമായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 5-5. കണ്ണിമ ചിമ്മാൻ കഴിയാത്തത്ര മികച്ച ഫുട്ബോൾ കണ്ട് ഗ്യാലറി ഞെട്ടി.

കളി പെനാൾട്ടി ഷൊട്ടൗട്ടിലേക്ക്, പേരിൽ ഉള്ള ‘ലക്കി’ ലക്കി സോക്കർ ആലുവയ്ക്ക് പെനാൾട്ടിയിൽ ഉണ്ടായില്ല. സീസണിലെ തങ്ങളുടെ ആദ്യ കിരീടം എന്ന ലക്ഷ്യം തകർന്നു. 4-2 എന്ന സ്കോറിന് ശാസ്താ മെഡിക്കൽസ് പെനാൾട്ടി ജയിച്ച് കിരീടം ഉയർത്തി. ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ സീസണിലെ മൂന്നാം കിരീടമാണിത്.

ടൂർണമെന്റിലെ മികച്ച താരമായി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ മോസസിനെ തിരഞ്ഞെടുത്തു. ശാസ്തയുടെ തന്നെ ഗോൾ കീപ്പർ അജ്മലാണ് മികച്ച ഗോൾ കീപ്പർ. ശാസ്തയുടെ നായകനും പ്രതിരോധ പോരാളിയുമായ ലയണൽ തോമസാണ് ടൂർണമെന്റിലെ മികച്ച ഡിഫൻഡർ. ലക്കി സോക്കർ ആലുവയുടെ ഫോർവേഡ് താരം കുംസണാണ് ടൂർണമെന്റിലെ ടോപ്പ് സ്കോറർ.