മൂന്നു ഗോളിനു പിറകിൽ നിന്ന ശേഷം പെരുമ്പാവൂരിന്റെ തിരിച്ചുവരവ്, പക്ഷെ പെനാൾട്ടിയിൽ നിർഭാഗ്യം

മൂന്നു ഗോളുകൾക്ക് പിറകിൽ പോയതിനു ശേഷം ഗംഭീര തിരിച്ചടിയുമായി തുവ്വൂരിൽ ബേസ് പെരുമ്പാവൂർ. ഈ സീസൺ കണ്ട ഏറ്റവും നല്ല തിരിച്ചുവരവുകളിൽ ഒന്നായേനെ ഇത്. പക്ഷെ ബേസ് പെരുമ്പാവൂരിനെ പെനാൾട്ടി ഭാഗ്യം തുണച്ചില്ല. മൊട്ടമ്മല്‍ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് പെനാൾട്ടിയിൽ വിജയം സ്വന്തമായെങ്കിലും താരങ്ങളായത് പെരുമ്പാവൂർ ടീമായിരുന്നു. ബേസ് പെരുമ്പാവൂരിന്റെ ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ കാളിക്കാവ് തുടക്കത്തിൽ മൂന്നു ഗോളിന്റെ ലീഡെടുത്തിരുന്നു. അതിനു ശേഷമായിരുന്നു ബേസ് പെരുമ്പാവൂരിന്റെ തിരിച്ചുവരവ്. മൂന്നു ഗോളുകൾ ഫൈനൽ വിസിലിനു മുന്നേ മടക്കിയ ബേസിന് പക്ഷെ വിജയത്തിലേക്കെത്താൻ പെനാൾട്ടി കൂടി കടക്കണമായിരുന്നു. പെനാൾട്ടിയിൽ മികവ് കാളിക്കാവ് കാട്ടിയപ്പോൾ 5-4 ന്റെ വിജയം കാളിക്കാവിനോടൊപ്പം നിന്നു.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോടിന് തകർപ്പൻ വിജയം. ശാസ്താ മെഡിക്കൽസ് തൃശ്ശൂരും കെ ആർ എസ് കോഴിക്കോടും ഏറ്റുമുട്ടിയപ്പോൾ കളിയുടെ വിധി നിർണ്ണയിച്ചത് മൂന്നു മിനുട്ടുകളായിരുന്നു. പത്തൊമ്പതാം മിനുട്ടു മുതൽ ഉള്ള മൂന്നു മിനുട്ടുകൽ. പത്തൊമ്പതാം മിനുട്ടിൽ ശാസ്താ മെഡിക്കൽസ് കെ ആർ എസ് കോഴിക്കോടിന്റെ വലകുലുക്കി കൊണ്ട് മുന്നിലെത്തി. അടുത്ത നിമിഷം തന്നെ കെ ആർ എസ് കോഴിക്കോടിന്റെ തിരിച്ചടി. 1-1. ഇരുപത്തി ഒന്നാം മിനുട്ടിൽ വീണ്ടും കെ ആർ എസ് കോഴിക്കോട്. 2-1. ആ മൂന്നു മിനുട്ടുകൾക്കപ്പുറം പിന്നെ വലകൾ കുലുങ്ങിയില്ല. ശാസ്താ മെഡിക്കൽസ് വളാഞ്ചേരി സെവൻസിൽ നിന്നു പുറത്തേക്ക്.

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ജിയോണി മൊബൈൽ ഉഷാ എഫ് സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിജയം. മുപ്പത്തി മൂന്നാം മിനുട്ടിൽ ഡി മറിയയാണ് ഉഷാ എഫ് സിയുടെ പ്രതിരോധ കോട്ട തകർത്തുകൊണ്ട് ആദ്യം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ആൽബർട്ടിലൂടെ മുൻതൂക്കം രണ്ടാക്കി ഉയർത്തി. അവസാന നിമിഷങ്ങളിൽ ഉഷാ എഫ് സി ഒരു ഗോൾ മടക്കിയെങ്കിലും മദീന വിജയം കൈവിട്ടില്ല.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഏകപക്ഷീയമായ വിജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ടൗൺ ടീം അരീക്കോടിനെ കൊണ്ടോട്ടിയിൽ വീഴ്ത്തിയത്. പാട്രിക്ക് ഗോളുമായി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു വേണ്ടി തിളങ്ങി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal