
പറപ്പൂര് അഖിലേന്ത്യാ സെവൻസിൽ ആദ്യ ഫൈനലിസ്റ്റുകളായി ജയ എഫ് സി തൃശൂർ. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജയ ഫൈനൽ ഉറപ്പിച്ചത്. ജയ എഫ് സി തൃശൂരിന്റെ സീസണിലെ ആദ്യ ഫൈനാലാണിത്. രണ്ട് തവണ ജയയെ അനായാസം തോല്പിച്ചതിന്റെ അമിത ആത്മവിശ്വാസത്തിലിറങ്ങിയ ബ്ലാക്കിന് പരപ്പൂരിൽ കളി കൈ വിട്ടു പോവുകയായിരുന്നു. ഇന്ന് നടക്കുന്ന ശാസ്താ മെഡിക്കൽസ് തൃശൂരും സ്കൈ ബ്ലൂ ഇടപ്പാളും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാവും ജയ ഫൈനലിൽ നേരിടുക.
മന്ദലാംകുന്നിൽ ഇന്നലെ ഹണ്ടേഴ്സ് കൂത്തുപറമ്പ് മെഡിഗാഡ് അരീക്കോടിനെ അട്ടിമറിച്ചു. സീസണിൽ വിജയം അപൂർവ്വമായി മാത്രം കണ്ടിരുന്ന ഹണ്ടേഴ്സ് കൂത്തുപറമ്പ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മെഡിഗാഡ് അരീക്കോടിനെ ഇന്നലെ പരാജയപ്പെടുത്തിയത്. ഇന്ന് മന്ദലാംകുന്നിൽ എഫ് സി കൊണ്ടോട്ടി ജിയോണി മൊബൈൽ ഉഷാ എഫ് സിയെ നേരിടും.
മമ്പാട് അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് എഫ് സി തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. മൂന്നു തുടർ വിജയങ്ങൾക്കു ശേഷമാണ് എഫ് സി തിരുവനന്തപുരം ഒരു പരാജയം ഏറ്റുവാങ്ങുന്നത്. ഇന്ന് മമ്പാടിൽ ആതിഥേയരായ ഫ്രണ്ട്സ് മമ്പാട് എഫ് സി മുംബൈയെ നേരിടും.
കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു എ വൈ സിയുടെ വിജയം. കല്പകഞ്ചേരിയിൽ ഇന്ന് എഫ് സി ഗോവയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും പോരിനിറങ്ങും.
കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ കീഴടക്കി. ഒളവണ്ണയിൽ എതിരില്ലാത്ത ഒരു ഗോളിന് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കളിക്കാവ് മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി.