ആഷിഖ് ഉസ്മാന്റെ മാന്ത്രിക ഫ്രീ കിക്ക്, കൊയപ്പയിൽ ബ്ലാക്ക് & വൈറ്റിനു ജയം

കൊയപ്പ അഖിലേന്ത്യാ സെവൻസ് ഈ സീസണിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോൾ പിറന്ന മത്സരത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് മെഡിഗാഡ് അരീക്കോടിനെ വീഴ്ത്തി. കൊയപ്പയിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ പിറന്ന 3-3 സമനില പൊട്ടിക്കാൻ നടത്തിയ രണ്ടാം മത്സരത്തിൽ പിറന്നത് ഒരേയൊരു ഗോളാണ്. അത് വിജയമർഹിക്കുന്നത്ര സുന്ദരമായ ഗോളായിരുന്നു. ആഷിഖ് ഉസ്മാൻ തൊടുത്ത ഫ്രീകിക്ക് മെഡിഗാഡ് അരീക്കോടിന്റെ കഥയും കഴിച്ചു. നാളെ കൊടുവള്ളിയിൽ ടൗൺ ടീം അരീക്കോട് ബേസ് പെരുമ്പാവൂരിനെ നേരിടും.

മന്ദലാംകുന്നിൽ ഇന്ന് നടന്ന മത്സരത്തിൽ ജയ എഫ് സി തൃശ്ശൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. ജയ എഫ് സിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. നാളെ മന്ദലാംകുന്നിൽ എ വൈ സി ഉച്ചാരക്കടവും ബേസ് പെരുമ്പാവൂരും തമ്മിലാണ് മത്സരം.

പാലക്കാട് വേനൽ മഴയെ സാക്ഷിയാക്കി അരങ്ങേറിയ പോരാട്ടത്തിൽ കെ ആർ എസ് കോഴിക്കോട് ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 2-2 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൾട്ടിയിലൂടെയാണ് കെ ആർ എസ് കോഴിക്കോട് വിജയിച്ചത്. നാളെ പാലക്കാട് എ വൈ സി ഉച്ചാരക്കടവിനെതിരെ കരുത്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇറങ്ങും.

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ കീഴടക്കി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം. ഇത് രണ്ടാം തവണയാണ് ജവഹർ മാവൂർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തുന്നത്. നാൾവ് ഒളവണ്ണയിൽ ഹയർ സബാൻ കോട്ടക്കൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

കൊളത്തൂരിൽ ഇന്ന് നടന്ന അൽ ശബാബ് തൃപ്പനച്ചിയും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും തമ്മിലുള്ള മത്സരം വിവാദമായതിനെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. അൽ ശബാബ് തൃപ്പനച്ചി 2-1ന് മുന്നിട്ടു നിൽക്കുമ്പോൾ റഫറി അൽ ശബാബ് തൃപ്പനച്ചിക്ക് അനുകൂലമായ പെനാൾട്ടി വിളിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. റഫറിയുടെ തീരുമാനത്തിൽ കാണികൾ പ്രശ്നമാക്കിയതോടെ കമ്മിറ്റി മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനിക്കുക ആയിരുന്നു. നാളെ കൊളത്തൂരിൽ ടൗൺ ടീം അരീക്കോട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Previous articleകൂത്തുപറമ്പിനെ ഗോളിൽ മുക്കി ടൗൺ ടീം അരീക്കോട്
Next articleപുത്തൻ കരാറൊപ്പിട്ട്‌ ജെസെ ലിംഗാർഡ്