നാസറിന് ഹാട്രിക്, എടക്കരയിൽ ബ്ലാക്കിനെ വീഴ്ത്തി അൽ ശബാബിന് കിരീടം

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ കിരീടം ത്രിപ്പനച്ചിയിലേക്ക്. ഈ‌ സെവൻസ് സീസണിലെ ആദ്യ കിരീടമുയർത്തിയാണ് അൽ ശബാബ് ത്രിപ്പനച്ചി എടക്കരയിൽ നിന്ന് വണ്ടി കയറിയത്. നാസറിന്റെ മിന്നും ഹാട്രിക്കിന്റെ മികവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റിനെ തോൽപ്പിച്ചാണ് അൽ ശബാബ് കിരീടം ഉയർത്തിയത്.


കലാശപ്പോരാട്ടത്തിന് ശേഷം കിരീടം ആർക്കെന്നറിയാൻ ഇന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടും അൽ ശബാബ് ത്രിപ്പനച്ചിയും നേർക്ക് നേർ ഇറങ്ങിയപ്പോൾ തുടക്കത്തിലേ അൽ ശബാബ് ത്രിപ്പനച്ചി മുന്നേറി. തുടക്കത്തിൽ നാസർ രണ്ടു തവണ മിർഷാദിനെ മറികടന്ന് നെറ്റ് കണ്ടെത്തിയപ്പോൾ ബ്ലാക്ക് & വൈറ്റ് ആരാധകർ നടുങ്ങി. പക്ഷെ ബ്ലാക്കിന്റെ ഏഴു പടക്കുതിരകൾ തളർന്നില്ല. ഹാഫ് ടൈമിനു മുന്നേ ആഷിഖ് ഉസ്മാൻ ഒരു ഗോൾ മടക്കി കളിയിലേക്ക് ബ്ലാക്ക് തിരിച്ചു വന്നു.

 

രണ്ടാം പകുതി തുടങ്ങിയപ്പോഴും ബ്ലാക്കിന് നാസർ തന്നെ വില്ലനായി. ഒരു സൂപ്പർ ഫ്രിക്കിക്കിലൂടെ നാസറിന്റെ ഹാട്രിക്. അൽ ശബാബ് 3-1 ബ്ലാക്ക് & വൈറ്റ്. തിരിച്ചടിക്കാൻ ബ്ലാക്ക് നിരന്തരം ശ്രമിച്ചപ്പോൾ കളി ശക്തമായി. അഡബയോറിലൂടെ രണ്ടാം ഗോൾ ബ്ലാക്ക് നേടുമ്പോയേക്ക് സമയം ഒരുപാട് വൈകിയിരുന്നു. 3-2 എന്ന സ്കോറിന് അൽ ശബാബിന് കിരീടം.


അൽ ശബാബ് തൃപ്പനച്ചിക്ക് ഇത് ആദ്യ ഫൈനലായിരുന്നു. ആദ്യ ഫൈനലിൽ തന്നെ കിരീടമുയർത്തിക്കൊണ്ട് അൽ ശബാബ് കപ്പു ത്രിപ്പനച്ചിക്കു കൊണ്ടുപോയിരിക്കുകയാണ്. മഞ്ചേരിയിൽ ടൗൺ ടീം അരീക്കോടിനോട് വമ്പൻ പരാജയമേറ്റ് വാങ്ങി എടക്കരയിലേക്കു വണ്ടി കയറിയ അൽ ശബാബ് പക്ഷെ എടക്കരയിൽ വൻ തിരിച്ചുവരവ് നടത്തി.

ലക്കി സോക്കർ ആലുവയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് എടക്കരയിൽ അൽ ശബാബ് തൃപ്പനച്ചി കിരീടം ഉന്നം വച്ചത്.

 
രണ്ടാം റൗണ്ടിൽ എഫ്സി പെരിന്തൽമണ്ണയായിരുന്നു അൽ ശബാബിന്റെ എതിരാളികൾ. എഫ്സി പെരിന്തൽമണ്ണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ശബാബ് മുന്നേറിയത്. ക്വാട്ടറിലും സെമിയിലും അൽ ശബാബ് നേരിട്ടത് സെവൻസ് ഫുട്ബോളിലെ തന്നെ രണ്ട് മഹാമേരുക്കളെയായിരുന്നു. ക്വാട്ടറിൽ ഫിഫാ മഞ്ചേരിക്കെതിരെ വന്ന അൽ ശബാബ് തൃപ്പനച്ചി പെനാൽറ്റിയിലാണ് ഫിഫാ മഞ്ചേരിയേ മറിച്ചിട്ടത്. സെമി ഫൈനലിൽ ഇരു പാദങ്ങളിലായി അൽ ശബാബ് അൽ മദീനയെ മറികടന്നു.

എടക്കരയിൽ മാൻ ഓഫ് ദി മാച്ചായി നാസറിനേയും മികച്ച ഫോർവേഡായി അൽ ശബാബിലെ ഫ്രെഡറികിനേയും തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ താരമായി ബ്ലാക് ആൻഡ് വൈറ്റിലെ ഉസ്മാൻ ആഷികും മികച്ച ഗോൾ കീപ്പറായി അൽ മദീനയിലെ അൻഷിദ് ഖാനെയും തിരഞ്ഞെടുത്തപ്പോൾ ബ്ലാക് ആൻഡ് വൈറ്റിലെ ഇല്ല്യാസ്  മികച്ച  സ്റ്റോപ്പറായി.

 
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleസയ്യദ് മുഷ്താഖ് അലി ട്രോഫി കേരളം നാളെ ആന്ധ്രയ്ക്കെതിരെ
Next articleകുട്ടനും ജൂനിയർ ഫ്രാൻസിസിനും ഹാട്രിക് ഫിഫാ മഞ്ചേരി എ വൈ സിയെ മുക്കി