മുസാഫിർ എഫ് സി അൽ മദീനക്ക് നാലാം ഫൈനൽ

കുന്ദമംഗലം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. സീസണിലെ നാലാം ഫൈനലാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്കിത്. ആദ്യ പാദത്തിലേറ്റ തോൽവിയിൽ നിന്നു പാഠം ഉൾക്കൊണ്ടായിരുന്നു ഇന്ന് അൽ മദീന ചെർപ്പുളശ്ശേരി കുന്ദമംഗലം ഗ്രൗണ്ടിൽ ഇറങ്ങിയത്. ആദ്യ പാദത്തിലെ ബ്ലാക്ക് & വൈറ്റിന്റെ താരവും അൽ മദീനയുടെ വില്ലനുമായി മാറിയ കിംഗ്സ് ലീയെ പൂട്ടുക എന്ന ലക്ഷ്യം മുസാഫിർ എഫ് സി അൽ മദീന പ്രതിരോധം നടപ്പാക്കിയപ്പോൾ അവർ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ആദ്യ പാദത്തിലെന്ന പോലെ രണ്ടാം പാദത്തിലും മുസാഫിർ എഫ് സിയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഡി മറിയ ആയിരുന്നു. ആ ഡിമറിയ തന്നെ ഗംഭീരമായ ഫ്രീകിക്കിലൂടെ മുസാഫിർ എഫ് സി അൽ മദീനയെ മുന്നിലെത്തിച്ചു. നിശ്ചിത സമയത്ത് മദീന വിജയം ഉറപ്പിച്ചതോടെ ഇരു പാദങ്ങളിലേയും ഫലം തുല്യമായി. കളി പെനാൾട്ടിവരെ നീണ്ടു ആദ്യ അഞ്ചു കിക്കുകളും സമമായപ്പോൾ ഫലം ടോസിലേക്കൊ എന്ന സംശയത്തിലായി. ആറാം കിക്ക് അൽ മദീനയുടെ ഹൈദർ വലയിലെത്തിച്ച് 6-5ന്റെ ലീഡ് പെനാൾട്ടിയിൽ. ബ്ലാക്ക് & വൈറ്റിന്റെ മറുപടി പെനാൾട്ടി ബാറിനു മുകളിൽ തട്ടി പുറത്തേക്ക്. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി സീസണിലെ അവരുടെ നാലാം ഫൈനലിൽ. കളിയിലുടനീളം കിംഗ്സ് ലീയെ കീശയിലാക്കിയ പ്രതിരോധം കാഴ്ചവെച്ച സഫീറിന്റെയും ഹൈദറിന്റേയും പ്രകടനമായിരുന്നു ഇന്നത്തെ മത്സരത്തിൽ എടുത്തു പറയേണ്ട കാര്യം. അൽ മദീന ചെർപ്പുളശ്ശേരിയുടെ എതിരാളികളെ അറിയാൻ ഫിഫാ മഞ്ചേരി മെഡിഗാഡ് അരീക്കോട് രണ്ടാം പാദ സെമി കഴിയാൻ കാത്തിരിക്കണം.

നീലേശ്വരം അഖിലേന്ത്യാ സവൻസിൽ ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ഹിറ്റാച്ചി തൃക്കരിപ്പൂർ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഹിറ്റാച്ചി തൃക്കരിപ്പൂരിന്റെ വിജയം. ഒരു ഗോളിന് ഉഷാ എഫ് സി ആദ്യ മുന്നിലെത്തിയെങ്കിലും കാസർഗോഡിന്റെ മണ്ണിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനു പരാജയമറിയാൻ താല്പര്യമില്ലായിരുന്നു. ആദ്യ പകുതിയിൽ തന്നെ സമനില പിടിച്ച ഹിറ്റാച്ചി തൃക്കരിപ്പൂർ രണ്ടാം പകുതിയിൽ മുഹമ്മദ് റാസിയുടെ ഗോളിലൂടെ വിജയമുറപ്പിച്ചു.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം അൽ മിൻഹാൽ വളാഞ്ചേരിയോടു കണക്കു തീർത്തു. കണിമംഗലം സെവൻസിൽ അപ്രതീക്ഷിതമായി അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയോട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോയുടെ വിജയം. ഈ സീസണിൽ ഇതു മൂന്നാം തവണയാണ് അൽ മിൻഹാൽ വളാഞ്ചേരി സൂപ്പർ സ്റ്റുഡിയോയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റു വാങ്ങുന്നത്.

കണിമംഗലം സെവൻസിൽ മെഡിക്കൽ ടീമുകളുടെ ഡർബിയിൽ ഗോൾ മഴ പെയ്തു. ആറു ഗോളുകൾ കണ്ട മത്സരത്തിൽ ഇരു ടീമുകളും നിശ്ചിത സമയത്തും അധിക സമയത്തും തുല്യത പാലിച്ചതിനെ തുടർന്നു ടോസ് വിജയികളെ തീരുമാനിച്ചു. ടോസിൽ ഭാഗ്യം ശാസ്താ മെഡിക്കൽസിനെ തഴഞ്ഞ് ലിൻഷാ മെഡിക്കൽസിന്റെ കൂടെ നിൽക്കുകയായിരുന്നു. ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസിനോടേറ്റ പരാജയത്തിന് ഇതോടെ ലിൻഷാ മെഡിക്കൽസ് മറുപടി പറഞ്ഞു.

വണ്ടൂരിൽ ഫിഫാ മഞ്ചേരി വിജയം തുടരുന്നതാണ് കണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ കീഴടക്കിയത്. ഇന്നും പിറകിൽ നിന്ന ശേഷമായിരുന്നു ഫിഫാ മഞ്ചേരിയുടെ തിരിച്ചുവരവ്. ഫിഫാ മഞ്ചേരിക്ക് വേണ്ടി റിംഷാദും സീനിയർ ഫ്രാൻസിസും ഓരോ ഗോൾ വീതം നേടി. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. മറുഭാഗത്തുള്ള എഫ് സി കൊണ്ടോട്ടിയാകട്ടെ സീസണിൽ ആദ്യ വിജയത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്.

പട്ടാമ്പിയിൽ ബാബു കാപിച്ചാലിന്റെ എഫ് സി തൃക്കരിപ്പൂരിന്റെ വിളയാട്ടമായിരുന്നു. അഞ്ചു ഗോളുകളാണ് എഫ് സി തൃക്കരിപ്പൂർ മുന്നേറ്റ നിര അബഹ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിന്റെ വലയിൽ നിറച്ചു കൂട്ടിയത്. സീസണിൽ ഇതു രണ്ടാം തവണയാണ് ഫ്രണ്ട്സ് മമ്പാട് ഒരു കളിയിൽ അഞ്ചു ഗോളുകൾ വഴങ്ങുന്നത്. മത്സരം അവസാനിക്കുമ്പോൾ സ്കോർ 5-2 എന്ന നിലയിൽ എഫ് സി തൃക്കരിപ്പൂരിന് അനുകൂലമായിരുന്നു. എഫ് സി തൃക്കരിപ്പൂർ അഖിലേന്ത്യാ സീസണിൽ കളിച്ച ഏഴു കളികളിൽ ആറിലും വിജയിച്ച് ഫോമിലാണ്. തുടർച്ചയായ നാലു പരാജയങ്ങളാണ് ഇതോടെ ഫ്രണ്ട്സ് മമ്പാട് പട്ടികയിൽ കയറിയത്. എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ ടോപ്പ് മോസ്റ്റ് തലശ്ശേരി ബേസ് പെരുമ്പാവൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.