സെവൻസ് റാങ്കിംഗ്, മുസാഫിർ എഫ് സി അൽ മദീന തന്നെ മുന്നിൽ

- Advertisement -

സോക്കർ സിറ്റി വാട്സാപ്പ് ഗ്രൂപ്പും ഫാൻപോർട്ടും സംയുക്തമായി നടപ്പിലാക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ് പുതിയ പട്ടികയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി തന്നെ മുന്നേറുന്നു. എല്ലാ മാസവും ഒന്നാം തീയ്യതി പ്രഖ്യാപിക്കുന്ന റാങ്കിംഗ് ഇന്നു പുറത്തു വന്നപ്പോൾ 171 പോയന്റുമായി അൽ മദീന ചെർപ്പുളശ്ശേരി ബഹുദൂരം മുന്നിലാണ്. 43 പോയന്റ് പിറകിൽ 128 പോയന്റുമായി ഫിഫാ മഞ്ചേരിയാണ് ഇപ്പോഴും രണ്ടാമത്.

പക്ഷെ ഫിഫാ മഞ്ചേരിയുടെ രണ്ടാം സ്ഥാനം അത്ര സുരക്ഷിതമല്ല. തൊട്ടു പിറകിൽ 127 പോയന്റുമായി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ റാങ്കിംഗ് പുറത്തു വന്നപ്പോൾ സൂപ്പറും ഫിഫയും തമ്മിൽ 14 പോയന്റിന്റെ വ്യത്യാസമുണ്ടായിരുന്നു. അതാണ് ഒരു പോയന്റിലേക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറം കുറച്ചത്. രണ്ടാം സ്ഥാനത്തിനെന്ന പോലെ നാലാം സ്ഥാനത്തിനു വേണ്ടിയും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. നാലാം സ്ഥാനത്തുള്ള മെഡിഗാഡ് അരീക്കോടും(93 പോയന്റ്) ബ്ലാക്ക് & വൈറ്റ് കോഴിക്കോടും (92 പോയന്റ്) തമ്മിൽ വെറും ഒരു പോയന്റിന്റെ വ്യത്യാസമേ ഉള്ളൂ. ജനുവരി അവസാനം വന്ന റാങ്കിംഗിൽ ബ്ലാക്കായിരുന്നു നാലാം സ്ഥാനത്ത്.

കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ഹണ്ടേഴ്സ് കൂത്തുപറമ്പ് തന്നെയാണ് റാങ്കിംഗ് പട്ടികയിൽ ഏറ്റവും പിറകിൽ. ശാസ്താ മെഡിക്കൽസ് പത്താം സ്ഥാനത്തു നിന്നു ഏഴിലേക്കും, എ വൈ സി ഉച്ചാരക്കടവ് പതിനൊന്നാം സ്ഥാനത്തു നിന്ന് ഒമ്പതാം സ്ഥാനത്തേക്കും, ടൗൺ ടീം അരീക്കോട് പതിനഞ്ചാം സ്ഥാനത്തു നിന്നു പന്ത്രണ്ടാം സ്ഥാനത്തേക്കും കയറി നേട്ടമുണ്ടാക്കി. ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും അൽ ശബാബ് ത്രിപ്പനച്ചിയും മൂന്നു സ്ഥാനങ്ങൾ പിറകോട്ടേക്കാണ് ഇത്തവണ പോയത്.

സീസണിൽ കിരീടങ്ങളുടെ എണ്ണത്തിലും അൽ മദീന ചെർപ്പുളശ്ശേരി തന്നെയാണ് മുന്നിൽ. ആറു കിരീടങ്ങളാണ് അൽ മദീന ചെർപ്പുളശ്ശേരി ഇതുവരെ നേടിയത്. ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും മൂന്നു വീതം കിരീടങ്ങൾ നേടി രണ്ടാമതുണ്ട്.

റാങ്കിംഗ് നിങ്ങൾക്ക് ഇവിടെ കാണാം –
http://fanport.in/soccercity-fanport-sevens-ranking/

Advertisement