
ഈ സീസണിൽ ഏറ്റവും മികച്ച വിദേശ താരമേത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ആൽബർട്ട്!!! ചെർപ്പുളശ്ശേരിയിലെ നീലപ്പടയുടെ അമരത്ത് എതിർ ഡിഫൻസിന്റെ നെഞ്ചത്ത് ആൽബർട്ടുണ്ടാകും. അഞ്ചു കിരീടങ്ങളുമായി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഈ സീസണിൽ പകരം വെക്കാനില്ലാത്ത ഫോമിൽ സെവൻസ് ഫുട്ബോളിന്റെ അരങ്ങ് വാഴുന്നു എങ്കിൽ അതിൽ ആൽബർട്ട് എന്ന ഫിനിഷറുടെ പങ്ക് ചെറുതല്ല.
ബർണാഡും ജൂനിയർ ഫ്രാൻസിസും കിംഗ്സ് ലീയും ടൈറ്റസുമൊക്കെ സീസണിലെ വിദേശ താരമാകുമെന്നു പ്രവചിക്കപ്പെട്ടിരുന്നു. പക്ഷെ സീസൺ പകുതിയും കഴിഞ്ഞ് മുന്നോട്ടു പോകുന്ന അവസരത്തിൽ മുന്നേ പറഞ്ഞ പേരുകളൊന്നും ആൽബർട്ടിന്റെ അടുത്തെത്തിയില്ല. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളടിച്ച റെക്കോർഡ് അൽ മദീന ചെർപ്പുളശ്ശേരിക്കാണ്. അൽ മദീന 58 മത്സരങ്ങളിൽ നിന്നു അടിച്ചു കൂട്ടിയ 117 ഗോളുകളിൽ പകുതിയും ആൽബർട്ടിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു. 58 ഗോളുകളാണ് ആൽബർട്ട് ഒറ്റയ്ക്ക് ഈ സീസണിൽ അടിച്ചു കൂട്ടിയത്. ഗോളുകളിൽ ഹാഫ് സെഞ്ച്വറി.
36 ടീമുകളുള്ള അഖിലേന്ത്യാ സെവൻസിൽ ഭൂരുഭാഗം ടീമുകളുടേയും സീസണിലെ മൊത്തമടിച്ച് ഗോളുകൾ ആൽബർട്ടിന്റെ ഗോൾ ടാലിയുടെ പിറകിലേ വരൂ എന്നതാണ് രസം. അൽ മദീന ചെർപ്പുളശ്ശേരി ഉൾപ്പെടെ വെറും എട്ടു ടീമുകൾ മാത്രമാണ് ,ടീം നേടിയ മൊത്തം ഗോളുകളുടെ കണക്കെടുത്താൽ വരെ, ആൽബർട്ടിന്റെ മുകളിൽ വരികയുള്ളൂ.
സീസണിലെ ആദ്യ കളിയിൽ എഫ് സി കൊണ്ടോട്ടിക്കെതിരെ നാലു ഗോളുകളോടെയാണ് ആൽബർട്ട് ആരംഭിച്ചത്. മദീനയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ ആൽബർട്ട് ഗോളുകളുമായി എത്തി. പട്ടാമ്പി സെവൻസിലെ സെമി ഫൈനലിൽ ശക്തരായ കെ എഫ് സി കാളിക്കാവിനെ മദീന കീഴ്പ്പെടുത്തിയപ്പോൾ സ്കോർ ബോർഡിൽ പിറന്ന മദീനയുടെ നാലു ഗോളുകളും ആൽബർട്ടിന്റെ ബൂട്ടിൽ നിന്നായിരുന്നു. പട്ടാമ്പിയിലും കുന്ദമംഗലത്തും ഫൈനലിൽ കിരീടം ഉറപ്പിച്ച നിർണ്ണായക ഗോളുകൾ. പ്രധാന വൈരികളായഫിഫാ മഞ്ചേരിക്കെതിരെ സീസണിൽ നാലു വിജയങ്ങൾ മദീന നേടിയപ്പോൾ മൂന്നു മത്സരങ്ങളിലും ഗോൾ നേടിക്കൊണ്ട് ആൽബർട്ട് ആയിരുന്നു താരം.
പതുങ്ങി നിന്നു ഗോളടിക്കുന്ന വിരുതനായും ഫ്രീകിക്കിലൂടെയും ലോങ് റേഞ്ചറിലൂടെയും വല തുളയ്ക്കുന്ന കരുത്തനായുമൊക്കെ ആൽബർട്ട് രൂപം മാറും. ഗോളടിക്കാൻ മാത്രമല്ല ഗോളടിപ്പിക്കാനും ആൽബർട്ടിന് അസാധ്യ മികവാണ്. ഡി മറിയ- ആൽബർട്ട് കൂട്ടുകെട്ട് സെവൻസ് ഫുട്ബോളിൽ ഇപ്പോഴുള്ള ഏറ്റവും മികച്ച മുന്നേറ്റ നിരയാകുന്നത് അതുകൊണ്ടാണ്.
സീസൺ അവസാനിക്കൻ ഇനിയും രണ്ടു മാസത്തിലധികം ഇരിക്കെ ആൽബർട്ട് ഗോളടിയിൽ സെഞ്ച്വറി തികച്ചില്ലായെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ.