മഞ്ഞപ്പടയെ പറത്തി ചെർപ്പുളശ്ശേരിയുടെ നീലപ്പടക്ക് കിരീടം, ഹാട്രിക്കുമായി ആൽബർട്ട്

ഈ സീസണിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയോടൊപ്പം ഓടിയെത്താൻ ആരുമായിട്ടില്ലാ എന്ന് വളാഞ്ചേരിയുടെ മണ്ണിലും അയ്യൂബ്ക്കാന്റെ പിന്മുറക്കാർ ചെർപ്പുളശ്ശേരിയുടെ നീലപ്പട തെളിയിച്ചിരിക്കുകയാണ്. സ്ഥിരതയാർന്ന പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി എത്തിയ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആൽബർട്ട് എന്ന ഒറ്റ പോരാളിയെ കൊണ്ട് തകർത്ത് വളാഞ്ചേരിയിലെ കിരീടം മദീന തങ്ങളുടെ ക്യാബിനിലേക്ക് കൊണ്ടു പോയി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം.

നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ തുടക്കം മുതലേ ആക്രമണം അഴിച്ചുവിട്ട് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി സൂപ്പറിനെ വിറപ്പിക്കുകയായിരുന്നു. ഫ്രീകിക്കിൽ പിറന്ന ആൽബർട്ടിന്റെ ഗോളിന്റെ മികവിൽ ആദ്യ പകുതി അവസാനിക്കും മുമ്പ് മദീന മുന്നിൽ. സെമിയിൽ ഫിഫാ മഞ്ചേരിയെ കീഴടക്കിയതു പോലെ തിരിച്ചുവന്ന് മദീനയെ പരാജയപ്പെടുത്താം എന്നു കരുതി രണ്ടാം പകുതിക്ക് ഇറങ്ങിയെങ്കിലും സൂപ്പറിന് വീണ്ടും ആൽബർട്ടിന്റെ കാലിൽ നിന്നു തന്നെ പ്രഹരം കിട്ടി. 2-0. എന്നിട്ടും ഗോൾ ദാഹം തീരാതെ അവസാന നിമിഷത്തിൽ വീണ്ടും ആൽബർട്ട് ഗോൾ. സീസണിലെ തന്റെ 80ാമത്തെ ഗോളുമായി ആൽബർട്ട് മദീനയ്ക്ക് കിരീടം ഉറപ്പിച്ചു കൊടുത്തു

സെമിയിൽ ജവഹർ മാവൂരിനെ പരാജയപ്പെടുത്തിയാണ് മദീന ഫൈനലിലേക്കെത്തിയത്. ഈ ജയത്തോടെ അഖിലേന്ത്യാ സെവൻസിൽ ഏഴു കിരീടങ്ങളായി. തൃക്കരിപ്പൂർ കിരീടം കൂടെ കൂട്ടുകയാണെങ്കിൽ കിരീടം എട്ട്. അടുത്തെങ്ങും ഒരു എതിരാളികളുമില്ലാതെ മദീന കുതിപ്പ് തുടരുന്നു.

സോക്കർ സിറ്റി വാട്സാപ്പ് ഗ്രൂപ്പ് നൽകുന്ന ടൂർണമെന്റിന്റെ മികച്ച വിദേശ താരത്തിനുള്ള പുരസ്കാരം മദീനയുടെ ഡി മറിയയ്ക്കു ലഭിച്ചു. മദീനയുടെ ഹൈദറാണ് മികച്ച ഡിഫൻഡർ.

Previous articleഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇനി സൂപ്പര്‍ പോരാട്ടം
Next articleലക്കി സോക്കറിനെ നിലംപരിശാക്കി മെഡിഗാഡ് അരീക്കോട്