​കുപ്പൂത്തിലും മുസാഫിർ എഫ് സി അൽ മദീന, കിരീടം ആറായി!

- Advertisement -

കുപ്പൂത്ത് അഖിലേന്ത്യ സെവൻസിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ കീഴടക്കിക്കൊണ്ട് അൽ മദീന ചെർപ്പുളശ്ശേരി കിരീടമുയർത്തി. അൽ മദീന ചെർപ്പുളശ്ശേരിയുടെ സീസണിലെ ആറാം കിരീടമാണിത്. ജയത്തോടെ  കിരീടവേട്ടയിൽ അൽ മദീന ചെർപ്പുളശ്ശേരി ബഹുദൂരം മുന്നിലെത്തി. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം.

കലാശപോരാട്ടം കുപ്പൂത്ത് ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. നവാസ് നേടിയ ഗോളിലൂടെ അൽ മദീന ചെർപ്പുളശ്ശേരി ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ ആ ലീഡിന്റെ‌ മുൻതൂക്കം തന്നെയായിരുന്നു മദീനയെ‌ മുന്നിൽ നിർത്തിയത്. രണ്ടാം പകുതിയിലും ചെർപ്പുളശ്ശേരിയുടെ പ്രതിരോധ കോട്ട ഭേദിച്ച് സമനില ഗോൾ കണ്ടെത്താൻ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനായില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഡി മറിയയിലൂടെ രണ്ടാം ഗോളും നേടിയതോടെ മദീനയുടെ കിരീടം ഉറപ്പായി. അങ്ങനെ എട്ടു ഫൈനലുകളിൽ നിന്നായി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് ആറു കിരീടങ്ങൾ.


എഫ് സി തിരുവനന്തപുരത്തെ 2-1 ന് പരാജയപ്പെടുത്തിയാണ് അൽ മദീന കുപ്പൂത്തിലെ കിരീടത്തിലേക്കുള്ള ആദ്യ ചുവട് വച്ചത്. ക്വാർട്ടറിൽ മദീന ഇറങ്ങിയപ്പോൾ ജയാ എഫ് സി തൃശൂരായിരുന്നു എതിരാളികൾ. ആദ്യ മത്സരത്തിൽ ജയയുമായി ഗോൾ രഹിത സമനില പാലിച്ച മദീന രണ്ടാം മത്സരത്തിൽ ജയയെ 2-1 ന് തകർത്ത് സെമിയിൽ കടന്നു. സെമിയിലും തൃശൂർ ശക്തികൾ തന്നെയായിരുന്നു അൽ മദീനയുടെ എതിരാളികൾ. ജിംഖാന തൃശൂരിനോട് ആദ്യ പാദത്തിൽ സമനിലയും രണ്ടാം പാദത്തിൽ 3-1 ന്റെ തകർപ്പൻ വിജയവും അൽ മദീന ചെർപ്പുളശ്ശേരി കരസ്ഥമാക്കി. പട്ടാമ്പിയിൽ തങ്ങളുടെ അഞ്ചാം കിരീടത്തിനു ശേഷം ഒരു ഇടവേളക്കപ്പുറമാണ് അൽ മദീന വീണ്ടും കപ്പുയർത്തുന്നത്.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement