സഹലിന്റെ മികവിൽ അൽ ഫലാഹ് ഹിറ്റാച്ചി കാഞ്ഞങ്ങാട് ഫൈനലിൽ

സന്തോഷ് ട്രോഫി താരം സഹൽ അബ്ദുൽ സമദ് എന്ന കണ്ണൂർക്കാരന്റെ മികവിൽ അൽ ഫലാഹ് ഹിറ്റാച്ചി തൃക്കരിപ്പൂർ കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഷൂട്ടേഴ്സ് പടന്നയെ എതിരില്ലാാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിലേക്ക് കടന്നത്.

സഹൽ അബ്ദുൽ സമദും ഫോർച്ച്യൂണുമാണ് ഹിറ്റാച്ചി തൃക്കരിപ്പൂരിനു വേണ്ടി ഇന്ന് ലക്ഷ്യം കണ്ടത്. ഗോൾ മികവും കളി മികവും കൊണ്ട് കാഞ്ഞങ്ങാട് ഗ്യാലറിയുടെ കയ്യടി വാങ്ങിയ സഹൽ അബ്ദുൽ സമദ് തന്നെയാണ് കളിയിൽ മാൻ ഓഫ് ദി മാച്ചും. ഹിറ്റാച്ചി തൃക്കരിപ്പൂരിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്. ഇതിനു മുമ്പ് ബേക്കൽ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിനെ പരാജയപ്പെടുത്തിക്കൊണ്ട് ഹിറ്റാച്ചി തൃക്കരിപ്പൂർ ചാമ്പ്യന്മാരായിരുന്നു.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും.