വീണ്ടും ബ്ലാക്ക് & വൈറ്റും മുസാഫിർ എഫ് സി അൽ മദീനയും ഇറങ്ങുന്നു, ഇത്തവണ സെമി ഫൈനൽ

- Advertisement -

റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ഒരാഴ്ചക്കിടെ മൂന്നാമതും നേർക്കുനേർ വരികയാണ്. ആദ്യ രണ്ടും ഫൈനലായിരുന്നേൽ ഇത്തവണ സെമി ഫൈനൽ. ബ്ലാക്കും മദീനയും തമ്മിലുള്ള വീറും വാശിയും മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്ന ഈ അവസരത്തിൽ തുവ്വൂരിൽ നാളെ നടക്കാൻ പോകുന്ന പോരാട്ടത്തിന് ചില്ലറയൊന്നുമല്ല ആവേശം. പരസ്പരം ട്രോളുകൾ ഇറക്കിയും പാട്ടുകളിറക്കിയും ഇരു ആരാധകരും രണ്ടു ഫൈനൽ പോരാട്ടങ്ങളേയും യുദ്ധസമാനമായ പോരാട്ടമാക്കി മാറ്റിയിരുന്നു. മുണ്ടൂരിലെ ഫൈനലിൽ ബ്ലാക്കും തൃക്കരിപ്പൂരിലെ ഫൈനലിൽ മദീനയുമാണ് വിജയിച്ചു കയറിയത്. തുവ്വൂരിൽ ഇരു പാദങ്ങളായാണ് സെമി. ആദ്യ പാദ പോരാട്ടമാണ് നാളെ‌. ഒരു പാദവും വിട്ടുകൊടുക്കൻ ഇരുടീമുകളും തയ്യാറാകില്ല എന്നതുറപ്പാണ്.

വരന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിലാണ് പോരാട്ടം. പതിയെ ഫോമിലേക്ക് തിരിച്ചു വരിക യാണ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാകും സൂപ്പർ സ്റ്റുഡിയോ മലപ്പുറം.

വളാഞ്ചേരിയിൽ ഫിഫാ മഞ്ചേരിക്ക് ഒരു കണക്കു തീർക്കാനുള്ള യാത്രയാണ്. എതിരാളികളായി എത്തുന്ന എഫ് സി പെരിന്തൽമണ്ണയോടു ചെറുതല്ലാത്ത ഒരു കണക്ക് ഫിഫാ മഞ്ചേരിക്കുണ്ട്. ഫിഫയുടെ സ്വന്തം ഗ്രൗണ്ടായ മഞ്ചേരിയിൽ എഫ് സി പെരിന്തൽമണ്ണ ഫിഫയെ അട്ടിമറിച്ചിരുന്നു. അതിന്റെ കണക്ക് എത്ര തവണ പെരിന്തൽമണ്ണയെ തോൽപ്പിച്ചാലും തീരുമോ എന്നാണ് ഫിഫയുടെ സംശയം.

Advertisement