അഡബയോറിന്റെ ഹാട്രിക്കിൽ ബ്ലാക്ക് & വൈറ്റ് തളിപ്പറമ്പിൽ ഫൈനലിൽ

ലക്കി സോക്കർ ആലുവയെ തകർക്കാൻ വേറെയാരും വേണ്ടി വന്നില്ല റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്. അഡബയോർ തകർത്താടി തളിപ്പറമ്പിന്റെ മണ്ണിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലക്കി സോക്കർ ആലുവയെ തകർത്ത് ബ്ലാക്ക് & വൈറ്റ് ഫൈനലിൽ പ്രവേശിച്ചു. നാലിൽ മൂന്നു ഗോളുകളും അഡബയോറിന്റെ വകയായിരുന്നു. ഗോൾ മാത്രമല്ല അവസാനം റെഡ് കാർഡും അഡബയോർ സ്വന്തമാക്കി. പക്ഷെ പുറത്തു പോകും മുന്നെ തന്റെ ടീമിന്റെ ജയം അഡബയോർ ഉറപ്പിച്ചിരുന്നു. നാളെ തളിപ്പറമ്പിൽ രണ്ടാം സെമിയിൽ മെഡിഗാഡ് അരീക്കോട് ഷൂട്ടേഴ്സ് പടന്നയെ നേരിടും.

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയോട് കഴിഞ്ഞ ദിവസത്തെ കണക്കു തീർക്കുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസം വമ്പൻ പരാജയം മദീനയിൽ നിന്നേറ്റു വാങ്ങിയ ടൗൺ ടീം അരീക്കോട് ഇന്ന് കാഞ്ഞങ്ങാട് ആ പരാജയത്തിനുള്ളത് എണ്ണം പറഞ്ഞ് തിരിച്ചു കൊടുത്തു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വമ്പന്മാരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ ടൗൺ ടീം അരീക്കോട് തകർത്തത്. നാളെ കാഞ്ഞങ്ങാട് എഫ് സി തിരുവനന്തപുരം ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ നേരിടും.

പൊന്നാനി അഖിലേന്ത്യാ സെവൻസിൽ എഫ് സി തിരുവനന്തപുരത്തിന് രണ്ടാം ജയം. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ടിലാണ് എഫ് സി തിരുവനന്തപുരം സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ വീഴ്ത്തിയത്. ഇന്നലെ പൊന്നാനിയുടെ മണ്ണിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ എഫ് സി തിരുവനന്തപുരം അട്ടിമറിച്ചിരുന്നു. നാളെ പൊന്നാനിയിൽ ഫിഫാ മഞ്ചേരിയും കെ ആർ എസ് കോഴിക്കോടും തമ്മിലാണ് മത്സരം.

കൊടുവള്ളി അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി കെ ആർ എസ് കോഴിക്കോടിനെ വീഴ്ത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ ശബാബ് തൃപ്പനച്ചിയുടെ വിജയം. നാളെ കൊടുവള്ളിയിൽ ജവഹർ മാവൂർ എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നിലവിലെ ചാമ്പ്യന്മാരായ ജവഹർ മാവൂരിന് തിരിച്ചടി. രണ്ട് ദിവസം മുന്നെ ഉയർത്തിയ കിരീടം ഇത്തവണ ജവഹർ മാവൂരിന് കിട്ടില്ല എന്ന് സ്കൈ ബ്ലൂ എടപ്പാൾ ഉറപ്പാക്കുക ആയിരുന്നു. ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്നു ശേഷം ശക്തമായി ജവഹർ തിരിച്ചുവരവ് നടത്തി സമനില പിടിച്ചു എങ്കിലും പെനാൾട്ടി പിഴക്കുക ആയിരുന്നു. നാളെ കല്പകഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസ് അൽ ശബാബിനെ നേരിടും.

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണയെ അഭിലാഷ് എഫ് സി കുപ്പൂത്ത് പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അഭിലാഷിന്റെ വിജയം. നാളെ കൊളത്തൂരിൽ ഹയർ സബാൻ കോട്ടക്കലും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും തമ്മിലാണ് മത്സരം.

 

Previous articleഎസ് ബി ടിയുടെ അവസാന അങ്കം അഥവാ എസ് ബി ഐയുടെ ആദ്യ അങ്കം
Next articleവീണ്ടും ഹയർ സബാൻ കോട്ടക്കലിന്റെ തിരിച്ചുവരവ് ജയം